പോലീസിന്റെ മൗനാനുവാദത്തോടെ നടക്കുന്ന അനധികൃത കരിങ്കല്‍ ഖനനത്തിനെതിരെ സബ് കളക്ടര്‍;കരിങ്കല്‍ കയറ്റിയ വാഹനങ്ങള്‍ തിരൂര്‍ സബ്കലക്ടര്‍ അദീന അബ്ദുള്ള നേരിട്ടെത്തി പിടികൂടി

single-img
21 September 2016

sub-collector-dr-adeela

മലപ്പുറം വേങ്ങരയില്‍ അനധികൃത കരിങ്കല്‍ ഖനനം.പോലീസിന്റെ ഒത്താശയോടെ നടക്കുന്ന ഖനനത്തിനെതിരെ റവന്യു വകുപ്പ് നടപടി ശക്തമാക്കുന്നു.വേങ്ങര പോലീസിന് മുന്നിലൂടെ കടന്ന് പോയ കരിങ്കല്‍ കയറ്റിയ രണ്ട് ലോറികളാണ് തിരൂര്‍ സബ് കലക്ടര്‍ അദീന അബ്ദുള്ള നേരിട്ടെത്തി പിടികൂടിയത്.
ഊരകം മലയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഇതു വരെ അധികൃതര്‍ കണ്ണടയ്ക്കുകയായിരുന്നു.ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്ഥലത്ത് മിന്നല്‍ പരിശോധന നടത്തിയ കളക്ടര്‍ക്ക് മുന്നിലൂടെ യാതൊരു നിയമങ്ങളും പാലിക്കാതെ വന്ന വാഹനങ്ങളാണ് പിടിയിലായത്.തുടര്‍ന്ന് സബ്കളക്ടര്‍ പോലീസ് സ്‌റേറഷനില്‍ നേരിട്ടെത്തിയാണ് നടപടി സ്വീകരിച്ചത്.പിടിച്ചെടുത്ത വാഹനങ്ങള്‍ പിന്നീട് ജിയോളജിക്കല്‍ വകുപ്പിന് കൈമാറി.

നൂറോളം ക്വാറികളാണ് ഊരകം മലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നത്.പണം വാരിയെറിയുന്നതിനാല്‍ പോലീസും മറ്റ് ഉദ്യോഗസ്ഥരും ക്വാറി മാഫിയയെ സഹായിക്കുകയും എതിര്‍ക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നു എന്നതാണ് ജനങ്ങളുടെ ആരോപണം.നേരത്തെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന രണ്ട് പ്രമുഖ ക്വാറികള്‍ക്കെതിരെ പരിസരവാസികള്‍ ചെന്നൈ ഹരിത ട്രൈബ്യൂണലിന് നല്‍കിയ പരാതിയില്‍ കോടതി ഈ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെപ്പിച്ചിരുന്നു.എന്നാല്‍ ഇതേ ഉടമകള്‍ തന്നെ പേരുമാറ്റി ഈ സ്ഥലത്തിന് തൊട്ടടുത്ത് വീണ്ടും ക്വാറിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടും അധികൃതര്‍ നടപടിയെടുത്തില്ല.അനധികൃതക്വാറികളുടെ പ്രവര്‍ത്തനം കാരണം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചി്ട്ടുണ്ട്.

പരിസ്ഥിതിക്കൊപ്പം നില്‍ക്കുമെന്ന സര്‍ക്കാറിന്റെ വാദം ആത്മാര്‍ത്തമാണെങ്കില്‍ ഇതിനെതിരെ ശക്തമായ നടപടി വേണമെന്നാണ് ജനങ്ങള്‍ പറയുന്നത്.