പിണറായി സര്‍ക്കാരിനെ വിലയിരുത്താറായിട്ടില്ലെന്ന് വിഎസ്; പിണറായി മോദിയെ അനുകരിക്കുന്നെന്ന് ചെന്നിത്തല;നൂറു ദിവസത്തിനകം നടത്തിയതു കൊലപാതകങ്ങള്‍ ഉള്‍പ്പെടെ മുന്നൂറ് അക്രമങ്ങളെന്ന് കുമ്മനം

single-img
1 September 2016

Pic
പിണറായി സര്‍ക്കാരിനെ വിലയിരുത്താറായിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ‍. സര്‍ക്കാരിന്റെ നൂറാം ദിവസത്തോട് അനുബന്ധിച്ച് പ്രതികരണങ്ങള്‍ ആരാഞ്ഞപ്പോളാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണം വിലയിരുത്താന്‍ സമയമായിട്ടില്ലെന്നുളള വിഎസിന്റെ മറുപടി ഉണ്ടായത്.

നൂറുദിവസം തികയുമ്പോള്‍ പിണറായി സര്‍ക്കാരിനെക്കുറിച്ച് നല്ലതൊന്നും പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തന ശൈലി പിണറായി വിജയന്‍ അനുകരിക്കുകയാണെന്നും ആദ്യമായാണ് കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. ഉപദേഷ്ടാക്കളെക്കൊണ്ട് വലഞ്ഞ സര്‍ക്കാരാണ് ഇടതുമുന്നണിയുടേതെന്നും നിഷ്‌ക്രിയത്വത്തിന്റെ തടവറയിലാണ് ഈ സര്‍ക്കാരെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കെട്ടിക്കിടക്കുന്ന ഫയലുകളെക്കുറിച്ച് എന്തുപറയുന്നുവെന്ന് അദ്ദേഹം ചോദിച്ചു എകെജി സെന്റര്‍ തീരുമാനിക്കാതെ ഒന്നും നടക്കില്ല. ഭരിക്കുന്ന പാര്‍ട്ടിയുടെ സമ്മര്‍ദ്ദം പൊലീസിനുണ്ടെന്നും മാര്‍ക്‌സിസ്റ്റുകാര്‍ക്ക് ഒരു നീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയുമാണെ്ന്നും ചെന്നിത്തല ആരോപിച്ചു.

ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാകുമെന്നു പറഞ്ഞവര്‍ക്കു ക്രിയാത്മകമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നതിന്റെ ഒരു ലക്ഷണവും ഇതുവരെ ഉണ്ടായിട്ടില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ആശിച്ചപോലെ മുന്നോട്ടുപോകാന്‍ കഴിയുന്നില്ലെന്നു ബോധ്യപ്പെട്ടപ്പോള്‍ അനാവശ്യവിവാദങ്ങളുണ്ടാക്കി ജനശ്രദ്ധതിരിച്ചുവിടാനാണു നോക്കുന്നത്. കേരളത്തില്‍ സിപിഐഎം നൂറു ദിവസത്തിനകം കൊലപാതകങ്ങള്‍ ഉള്‍പ്പെടെ മുന്നൂറ് അക്രമങ്ങളാണു നടത്തിയിട്ടുള്ളതെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറുപ്പിൽ കുമ്മനം പറഞ്ഞു.