സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്ക് മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിച്ച് സെല്‍ഫിയെടുത്തെന്ന പരാതിയിൽ നടൻ ശ്രീജിത്ത് രവിക്കെതിരെ പൊലീസിന്റെ അന്വേഷണം;പെൺകുട്ടികൾക്ക് തെറ്റിദ്ധാരണ സംഭവിച്ചതാകാമെന്ന് ശ്രീജിത്ത്;പെൺകുട്ടികളുടെ പരാതി ലഭിച്ചതായി സ്കൂൾ പ്രിൻസിപ്പാൾ

single-img
1 September 2016

sreejith-ravi-7
സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശിപ്പിക്കുകയും അവരെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കുകയും ചെയ്ത സംഭവത്തില്‍ നടന്‍ ശ്രീജിത്ത് രവിക്കെതിരെ അന്വേഷണം. പത്തിരിപ്പാലയിലെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ പരാതിയിലാണ് ഒറ്റപ്പാലം പൊലീസിന്റെ അന്വേഷണം. സ്‌കൂളിലേക്കു പോയ പെണ്‍കുട്ടികള്‍ക്കു മുന്നിലായിരുന്നു ശ്രീജിത്ത് സെൽഫി എടുത്തത് . കുട്ടികള്‍ ബഹളംവച്ചതോടെ നടന്‍ കാര്‍ ഓടിച്ചുപോയി. സംഭവമറിഞ്ഞ രക്ഷിതാക്കളും സ്കൂൾ പ്രിൻസിപ്പളും കാര്‍ നമ്പര്‍ സഹിതം ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കി. കാർ ശ്രീജിത്ത് രവിയുടേതാണു.

പരാതി ലഭിച്ചതായി ഒറ്റപ്പാലം പോലീസ് ഇൻസ്പെക്ടർ ആദം ഖാൻ ഇ-വാർത്തയോട് പറഞ്ഞു.എന്നാൽ പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്താതെ നടനു സംഭവത്തിൽ പങ്കുണ്ടോ എന്ന് പറയാനാകില്ലെന്നും കൂട്ടിച്ചേർത്തു.
അതേസമയം സ്‌കൂള്‍ അധികൃതരും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും ഇടപെട്ട് പരാതി നല്‍കിയിട്ടും ഒറ്റപ്പാലം പൊലീസ് സംഭവത്തില്‍ കേസെടുത്തില്ലെന്നും വാര്‍ത്ത മാധ്യമങ്ങള്‍ക്കു നല്‍കാതെ മൂടിവയ്ക്കുകയും ചെയ്തതിനെതിരേ പ്രതിഷേധം ശക്തമായി.അതിനിടെ സംഭവത്തിൽ ഉൾപ്പെട്ട ഒരു പെൺകുട്ടി ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചു.െവെകിട്ട് ഏഴുമണിയോടെ ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും അല്ലാത്തപക്ഷം അറസ്റ്റ് ചെയ്തു കൊണ്ടുപോകുമെന്നു ഭീഷണിപ്പെടുത്തി ഫോണ്‍കോള്‍ വന്നതായും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. ഇതിനുശേഷമാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തക്കസമയത്ത് വീട്ടുകാര്‍ കണ്ടതിനാല്‍ ദുരന്തം ഒഴിവായി.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ആറരയോടെ പെണ്‍കുട്ടികളെ മൊഴിയെടുക്കാനെന്ന പേരില്‍ ഒറ്റപ്പാലം സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കുട്ടികളെ പൊലിസ് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഭാവി ഇല്ലാതാകുമെന്നും കേസ് പിന്‍വലിച്ചില്ലങ്കെില്‍ മറ്റ് കള്ളക്കേസുകള്‍ ചുമത്തി അകത്താക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിന്റെ ബാക്കിയാണ് ഇന്നലെ നടന്നതെന്നും ബന്ധുക്കള്‍ പരാതിപ്പെടുന്നു.

അതേസമയം താൻ ഷൂട്ടിങ്ങ് ആവശ്യത്തിനായി താൻ ഈ വഴി പോകാറുണ്ടെന്നും എന്നാൽ ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്നും പെൺകുട്ടികൾക്ക് എന്തെങ്കിലും തരത്തിൽ തെറ്റിദ്ധാരണ സംഭവിച്ചതാകാമെന്നും നടൻ ശ്രീജിത്ത് രവി ഇ-വാർത്തയോട് പ്രതികരിച്ചു.