സിംഗൂരിൽ ഇടത് സർക്കാർ ടാറ്റയ്ക്ക് ഭൂമി നൽകിയത് സുപ്രീംകോടതി റദ്ദാക്കി, ഭൂമി കർഷകർക്ക് മടക്കി നൽകണം

single-img
31 August 2016

Tata-nano-factory-in-Singur

ബംഗാളിൽ ഇടത് പക്ഷത്തിന്റെ വൻ തകർച്ചയ്ക്ക് കാരണമായ സിംഗൂർ സംഭവത്തിൽ സുപ്രീം കോടതി വിധി.സിംഗൂരിൽ ടാറ്റ ഗ്രൂപ്പിന് ഫാക്ടറി തുടങ്ങാൻ കർഷകരുടെ ഭൂമി ഏറ്റെടുത്ത അന്നത്തെ ഇടത് സർക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി. മൂന്ന് മാസത്തിനകം ഭൂമി കർഷകർക്ക് തിരികെ നൽകുന്നതിന് സർവേ നടത്തി നടപടികൾ സ്വീകരിക്കാനും സുപ്രീംകോടതി ബംഗാൾ സർക്കാരിനോട് നിർദ്ദേശിച്ചു.
നിർബന്ധമായി ഭൂമി ഏറ്റെടുത്തത് പല കാരണങ്ങളാൽ തെറ്റായിരുന്നെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.എന്ത് വില കൊടുത്തും പദ്ധതി കൊണ്ടുവരണമെന്ന നിലപാടിലായിരുന്നു ഇടത് സർക്കാരെന്നും പക്ഷെ ഇതിന് വേണ്ടി സ്ഥലം തെരഞ്ഞെടുത്തത് സ്വകാര്യ കമ്പനിയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഒരു സ്വകാര്യ കമ്പനിയുടെ ആവശ്യപ്രകാരം ഭൂമി ഏറ്റെടുക്കാൻ സർക്കാറിന് അധികാരമില്ല. അതിന് വേണ്ടി അധികാരം ഉപയോഗിക്കുന്നത് തട്ടിപ്പിന് സമാനമാണ്. ഇത് സംബന്ധിച്ച് കർഷകരുമായുള്ള നടപടി ക്രമങ്ങൾ പാലിച്ചില്ല. നിയമവിരുദ്ധമായാണ് ഭൂമി ഏറ്റെടുത്തതെന്നും കോടതി വ്യക്തമാക്കി.

2011ൽ മമതാ സർക്കാർ അധികാരത്തിൽ വന്നതോടെ ഭൂമി കർഷകർക്ക് തിരികെ നൽകാൻ നിയമം പാസാക്കി. തുടർന്ന് ടാറ്റ ഗ്രൂപ്പ് കമ്പനി ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റുകയും ചെയ്തു. മമതാ സർക്കാരിന്റെ നിയമത്തിനെതിരെ ടാറ്റ ഗ്രൂപ്പ് കൊൽക്കത്താ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സന്പാദിച്ചു. ബംഗാൾ സർക്കാരിന്റെ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വിധിച്ചു. തുടർന്നാണ് കേസ് സുപ്രീംകോടതിയിൽ എത്തിയത്.

 
സിഗൂരിൽ ടാറ്റയ്ക്കായി ഇടത് സർക്കാർ ഭൂമി എറ്റെടുത്ത് നൽകിയതിനെതിരേ
തൃണമൂൽ കോൺഗ്രസ് വലിയ പ്രക്ഷോഭമാണ് നടത്തിയത്. ഇത് തന്നെ ആയിരുന്നു സിപിഎമ്മിനു ബംഗാളിൽ വൻ തിരിച്ചടി നൽകിയതും