വിവാദങ്ങളുണ്ടാക്കി ഭരണപരാജയം മറച്ച് വെക്കാന്‍ ഇടതുസര്‍ക്കാര്‍ ശ്രമം: കെപി മോഹനന്‍

single-img
30 August 2016

kp-mohanan
കണ്ണൂര്‍: വിവാദങ്ങളുണ്ടാക്കി ഭരണപരാജയം മറച്ച് വെക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജനതാദള്‍ നേതാവും മുന്‍ മന്ത്രിയുമായ കെ പി മോഹനന്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനടപടികളില്‍ പ്രതിഷേധിച്ച് യു ഡി എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കളക്ടറേറ്റ് മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറ് ദിവസം കൊണ്ട് 51 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇടത് ഭരണത്തില്‍ ക്രിമനലുകള്‍ കൊടികുത്തി വാഴുന്നു.അക്രമികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാതെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇടത് മുന്നണി നേതാക്കളും യുവജന- വിദ്യാര്‍ത്ഥി സംഘടനനേതാക്കളും ഓരോ വിവാദ പ്രസ്താവന നടത്തി ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കുകയാണ്. സര്‍ക്കാര്‍ എടുക്കുന്ന ഓരോ തീരുമാനങ്ങളും വിവാദമായതോടെ അവര്‍ക്ക് തിരുത്തേണ്ടിവരുന്നു. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 15 ദിവസം പാഠപുസ്തകം കിട്ടാത്തതിന്റെ പേരില്‍ നാട്ടില്‍ അക്രമവും അരാജകത്വവും സൃഷ്ടിച്ചവര്‍ സ്‌കൂള്‍ തുറന്ന് ഓണ പരീക്ഷതുടങ്ങിയിട്ടും പാഠ പുസ്തകം കിട്ടാത്തതിനെ കുറിച്ച് ഒരക്ഷരം സംസാരിക്കാതെ ഡി വൈ എഫ് ഐ നേതാവ് സ്വരാജിനും എ ഐ എസ് എഫും പരസ്പരം പോരാടിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ കോളജ് വിഷയത്തില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കുകയാണ് ചെയ്യുന്നത്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സ്വാശ്രയ കോളജ് മാനേജ്‌മെന്റുമായി സഹകരിച്ച് മുന്നോട്ട് പോവുകയും സര്‍ക്കാരിന്റെ തീരുമാനം അവരെകൊണ്ട് എടുപ്പിക്കുകയും ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചിരുന്നു. എന്നാല്‍ വിവാദ തീരുമാനങ്ങള്‍ എടുത്ത ശേഷം അത് മാനേജ്‌മെന്റുകളെ കൊണ്ട് എടുപ്പിക്കാന്‍ ശ്രമിച്ച് സംഘര്‍ഷവാസ്ഥ സൃഷ്ടിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.