ഇന്ത്യയുടെ സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളുടെ രേഖകള്‍ പുറത്തായതു രാജ്യസുരക്ഷയെ ബാധിക്കില്ലെന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ നിലപാട് തള്ളി നാവിക സേനാ മേധാവി;അന്തര്‍വാഹിനികളുമായി ബന്ധപ്പെട്ട രേഖകള്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്

single-img
30 August 2016

scorpene_650x400_71472130738

ഇന്ത്യയുടെ സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയിലെ ആയുധ സന്നാഹങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് ‘ദി ആസ്ട്രേല്യന്‍’ ദിനപത്രത്തിന് വിലക്ക്. ഫ്രാൻസിന്‍റെ പ്രതിരോധ സ്ഥാപനമായ ഡി.സി.എൻഎസിന്‍റെ ഹരജിയിൽ ന്യൂ സൗത്ത് വെയിൽസ് കോടതിയാണ് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത്. വ്യാഴാഴ്ച കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് വരെയാണ് വിലക്കുള്ളത്.

അതിനിടെ, സ്‌കോര്‍പീനുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ ചോര്‍ന്ന വിഷയത്തില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ നിലപാട് തള്ളി നാവിക സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാന്‍ബ. രഹസ്യരേഖ ചോര്‍ച്ച ഗൗരവമുള്ള പ്രശ്‌നമാണെന്നു നാവികസേനാ മേധാവി പറഞ്ഞു. രേഖകള്‍ പുറത്തായതു രാജ്യസുരക്ഷയെ ബാധിക്കില്ലെന്നായിരുന്നു പ്രതിരോധ മന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്.

ഫ്രാന്‍സുമായി ചേര്‍ന്ന് ഇന്ത്യ നിര്‍മിക്കുന്ന ആറ് മുങ്ങിക്കപ്പലുകളുടെ പ്രവര്‍ത്തന മാര്‍ഗരേഖയുടെ 22,400ല്‍പരം പേജുകളാണ് ‘ദി ആസ്ട്രേലിയന്‍’ പത്രം സ്വന്തം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി‍യത്. ചോര്‍ച്ചയുടെ ഗൗരവം മുന്‍നിര്‍ത്തി നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബയുടെ നേതൃത്വത്തിൽ കേന്ദ്രസര്‍ക്കാര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ഫ്രാന്‍സിന്‍െറ ദേശീയ സുരക്ഷാ അതോറിറ്റിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അന്തര്‍വാഹിനിയെ സംബന്ധിച്ച വിവരങ്ങൾ പുതിയതായി പ്രസിദ്ധീകരിക്കരുതെന്നും നിലവിൽ പ്രസിദ്ധീകരിച്ചവ പത്രത്തിന്‍റെ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കൂടാതെ ചോർന്നു കിട്ടിയ വിവരങ്ങൾ ഡി.സി.എൻഎസിന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.