ശൈശവ വിവാഹത്തിൽ ലൈംഗിംകബന്ധം ബലാല്‍സംഗമായി കണക്കാക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍:സാമൂഹ്യസാഹചര്യങ്ങള്‍ മൂലം ഇപ്പോഴും ശൈശവ വിവാഹം തുടരുന്നതായും കേന്ദ്രം

single-img
30 August 2016

dc-Cover-v5lclfd07cs30soaggrl11emp6-20160821072357.Medi
15 വയസിനു മുകളില്‍ പ്രായമുള്ള ഭാര്യയുമായുള്ള ഭര്‍ത്താവിന്റെ ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു അഭിപ്രായം മുന്നോട്ടുവെച്ചത്.

ഒരു സന്നദ്ധസംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യഹരജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18 ആയി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ നിലവിലുള്ള സാമൂഹ്യസാഹചര്യങ്ങള്‍ മൂലം ഇപ്പോഴും 18 വയസിന് താഴെയുള്ള വിവാഹങ്ങള്‍ നടക്കാറുണ്ട്. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അസമത്വങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍ ബാലവിവാഹങ്ങള്‍ നടക്കാറുണ്ട്. അതിനാല്‍ 15 വയസിന് താഴെയുള്ള ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ലൈംഗികബന്ധം കുറ്റകരമായി പരിഗണിക്കാനാകില്ലെന്നും കേന്ദ്രം പറയുന്നു

‘ ഭാര്യാ ഭര്‍ത്താക്കന്മാരുടെ ലൈംഗികത കുറ്റകൃത്യമാക്കുന്നതില്‍ നിന്നും അവരെ സംരക്ഷിക്കുന്നതിനായി ഇന്ത്യന്‍ പീനല്‍ കോഡിലെ എക്‌സപ്ഷന്‍ 2 വിലെ പ്രായപരിധി 15 ആക്കി നിലനിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.’ എന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. നിയമപ്രകാരം വിവാഹം ചെയ്ത ഭാര്യയുടെ ലൈംഗിക പരമാധികാരത്തെ ലംഘിക്കാന്‍ ഭര്‍ത്താവിന് ലൈസന്‍സ് നല്‍കുന്നതാണ് ഈ നിയമമെന്നും ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

അനുമതിയോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള പ്രായപരിധി എല്ലാ സ്ത്രീകള്‍ക്കും 18 ആണെന്നിരിക്കെ വിവാഹിതകളുടേത് 15 ആയി നിശ്ചയിക്കുന്ന സെക്ഷന്‍ 375 സ്ത്രീകളോടുള്ള വിവേചനമാണെന്നും ഹരജിയില്‍ പറയുന്നു.