അമ്പലങ്ങളിൽ ഇനി ആർ.എസ്.എസ് ശാഖ അനുവദിക്കില്ല;ക്ഷേത്രങ്ങളില്‍ നിന്നും വിശ്വാസികളെ അകറ്റി ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കി മാറ്റാനാണ് ആര്‍.എസ്.എസ് ശ്രമമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

single-img
29 August 2016

Kadakampally Surendranഅമ്പലങ്ങളില്‍ ആര്‍.എസ്.എസ് നടത്തിവരുന്ന ശാഖ അവസാനിപ്പിക്കാന്‍ വേണ്ട നടപടിയെടുക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിശ്വാസികളെ ക്ഷേത്രങ്ങളില്‍ നിന്നും അകറ്റി, ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കി മാറ്റാനാണ് ആര്‍.എസ്.എസ് ശാഖയും ആയുധപരിശീലനവും നടത്തുക വഴി ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തി വരുന്ന അനധികൃത പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറയുന്നു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

“ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ നടത്തി വരുന്ന അനധികൃത പ്രവര്‍ത്തനങ്ങളെ കുറിച്ച് നിരവധി പരാതികളാണ് എനിക്ക് ദിവസേന ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ആശങ്കകളകറ്റേണ്ടതുണ്ട്.
ക്ഷേത്രങ്ങള്‍ ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും കേന്ദ്രമാണ്. വിശ്വാസികളെ ക്ഷേത്രങ്ങളില്‍ നിന്നും അകറ്റി, ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കി മാറ്റാനാണ് ആര്‍.എസ്.എസ് ശാഖയും ആയുധപരിശീലനവും നടത്തുക വഴി ശ്രമിക്കുന്നത്.
നാടിന്റെ മതേതര സ്വഭാവവും സമാധാനാന്തരീക്ഷവും തകര്‍ക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി ക്ഷേത്രങ്ങളെ മാറ്റാന്‍ അനുവദിക്കില്ല. പ്രസ്തുത പരാതികള്‍ക്ക് മേല്‍ അടിയന്തരനടപടികള്‍ സ്വീകരിക്കാനും അനധികൃത പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും വേണ്ട കര്‍ശനമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉടനുണ്ടാകും.”