ബീഫ് കഴിച്ചതിനാലാണ് ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണം നേടിയതെന്ന് ബിജെപി എംപി .

single-img
29 August 2016

 

usain-bolt-was-poor-eating-beef-helped-him-win-nine-medals-in-olympics-bjp-mp-udit-raj

ബീഫ് കഴിക്കുന്നത് കൊണ്ടാണ് ഉസൈന്‍ബോള്‍ട്ടിന് 9 ഒളിമ്പിക്‌സ് മെഡലുകള്‍ നേടാനായതെന്ന് ബി.ജെ.പിയുടെ ദളിത് നേതാവും എം.പിയുമായ ഉദിത്‌രാജ്. ദരിദ്ര പശ്ചാത്തലത്തില്‍ നിന്നുള്ള ഉസൈന്‍ ബോള്‍ട്ടിനോട് ട്രെയിനര്‍ ദിവസവും രണ്ടു തവണ ബീഫ് കഴിക്കാന്‍ ആവശ്യപ്പെട്ടെന്നും ഇതിനാലാണ് 9 ഒളിമ്പിക്‌സ് മെഡലുകള്‍ അദ്ദേഹത്തിന് നേടാനായതെന്നും ഉദിത് രാജ് ട്വീറ്റ് ചെയ്തു.

 

ഉദിത് രാജിന്റെ ട്വീറ്റ് പാര്‍ട്ടിക്കുള്ളിലും പുറത്തും വിവാദമായിരിക്കുകയാണ്..ജനങ്ങളെ ബീഫ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് ഉദിത്ത് രാജിന്റെ ട്വീറ്റെന്നും, രാജ്യത്ത് ബീഫ് ഉപയോഗിക്കുന്നവരുടെ വക്താവാണ് ബിജെപി എംപിയെന്നുമുള്ള ആരോപണത്തെ തുടര്‍ന്ന് തന്റെ ട്വീറ്റിന് വ്യക്തത നല്‍കി കൊണ്ട് ഉദിത് രാജ് രംഗത്തെത്തി. താന്‍ ബീഫിന്റെ വക്താവല്ലെന്നും ഉസൈന്‍ ബോള്‍ട്ടിന്റെ പരിശീലകന്റെ വാക്കുകളെ താന്‍ പരാമര്‍ശിക്കുകയായിരുന്നുവെന്നും ട്വീറ്റിലൂടെ ഉദിത് വ്യക്തമാക്കി.

ബീഫ് വിഷയത്തിൽ ബി.ജെ.പിയുടെ നിലപാടിന് കടകവിരുദ്ധമായ നിലപാടാണ് ഉദിത്‌രാജ് പ്രകടിപ്പിച്ചത്.ദല്‍ഹിയില്‍ നിന്നുള്ള എം.പിയാണ് ഉദിത് രാജ്. ബി.ജെ.പിയ ദേശീയ നിര്‍വാഹകസമിതി അംഗം, ഓള്‍ ഇന്ത്യാ ഫെഡറേഷന്‍ ഓഫ് എസ്.സി/എസ്.ടി ചെയര്‍മാന്‍ എന്നീ പദവികളും ഉദിത് രാജ് വഹിക്കുന്നുണ്ട്. ബിജെപിയില്‍ അംഗമാകുന്നതിന് മുമ്പ് പ്രമുഖ ദലിത് നേതാവായ ഉദിത് രാജ് ബിജെപിയുടെ കടുത്ത വിമര്‍ശകനായിരുന്നു. എന്നാല്‍ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ നയങ്ങളിലും പ്രവര്‍ത്തനങ്ങളിലും താന്‍ ആകൃഷ്ടനാണെന്ന് വ്യക്തമാക്കി ബിജെപിയില്‍ അംഗത്വം നേടുകയായിരുന്നു.