സൈബര്‍ സമ്മേളനത്തിനെതിരായ ആരോപണത്തിന് പിന്നില്‍ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥന്‍

single-img
26 August 2016

800x480_IMAGE57155977

രാജ്യാന്തര സൈബര്‍ സുരക്ഷ സമ്മേളനം ‘കോകൂണ്‍’ വിവാദത്തിലാക്കാന്‍ ശ്രമിച്ചതിനു പിന്നിൽ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥന്‍.പരിപാടിയുടെ അവതാരകയായ ജേണലിസ്റ്റ് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഹൈടെക് സെല്‍ ഡിവൈഎസ്പിയെ ഐജി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റിയ നടപടിയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണമെന്നാണ് ആക്ഷേപം.സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയും സൈബര്‍ ഡോമിന്റെ നോഡല്‍ ഓഫീസര്‍ കൂടിയായ ഐജി മനോജ് എബ്രഹാമും അടക്കമുള്ള ഉന്നതര്‍ ഉള്‍പ്പെട്ട സംഘാടക സമിതിയുടെ പ്രവര്‍ത്തനത്തിനെതിരെ ഇപ്പോള്‍ ഉയര്‍ന്ന് വന്ന ആക്ഷേപങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും കടുത്ത അതൃപ്തിയിലാണ്.
രാജ്യാന്തര സൈബര്‍ സമ്മേളനത്തിൽ മദ്യം വിളമ്പിയത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് വിജിലന്‍സ് ഡയറക്ടറോട് ആവശ്യപ്പെട്ടത് ഓവര്‍ സ്മാര്‍ട്ട് ആയിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ പരിപാടിയില്‍ അഴിമതി ആരോപിച്ച ഉദ്യോഗസ്ഥനെ ഇനിയും തുടരാന്‍ അനുവദിക്കരുതെന്ന നിലപാടും സര്‍ക്കാരില്‍ ശക്തമാണ്.

വിജിലന്‍സ് അന്വേഷണം സംബന്ധിച്ച വാര്‍ത്ത പ്രമുഖ ചാനലിലും മറ്റും വന്നതിനു പിന്നിലും ഇപ്പോള്‍ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനും പങ്കുണ്ടെന്നാണ് ആക്ഷേപം. ഈ ഉദ്യോഗസ്ഥന്റെ ഭാര്യ പൊലീസ് ആസ്ഥാനത്തെ പ്രധാന തസ്തികയിലാണ് ജോലി ചെയ്യുന്നത്.
സൈബര്‍ രംഗത്തെ പുതിയ പ്രവണതകള്‍, ഹാക്കിങ് അടക്കമുള്ള മറ്റ് കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ തടയുന്നത് സംബന്ധമാ കാര്യങ്ങളില്‍ ഐടി രംഗത്തെ വിദഗ്ധരുടെ ആശയങ്ങള്‍ ഷെയര്‍ ചെയ്യാനുള്ള ഒരു വേദിയായാണ് കൊകൂണ്‍ വിലയിരുത്തപ്പെടുന്നത്.സൈബര്‍ രംഗത്ത് പൊലീസിന്റെ സാന്നിധ്യം തന്നെ പരിമിതമായതിനാല്‍ വിദഗ്ധരായവരെ സഹകരിപ്പിക്കാതെ സൈബര്‍ കുറ്റാന്വേഷണ രംഗത്ത് ഒരടി മുന്നോട്ട് പോവാന്‍ പൊലീസിനെ സംബന്ധിച്ച് കഴിയുകയില്ല. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെന്നാണ് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം കൊല്ലത്തു നടന്ന സൈബര്‍ സുരക്ഷാ സെമിനാറിനിടെ അവതാരകയായ ജേണലിസം വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഡിവൈഎസ്പി വിനയകുമാരന്‍ നായര്‍ക്കെതിരെ കേസെടുത്തു. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതിനാണ് കേസെടുത്തിട്ടുള്ളത്. ഇത് സംബന്ധമായി പെണ്‍കുട്ടി കൊല്ലം അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.