ഹൃദയ ചികിത്സയില്‍ നൂതന സംവിധാനവുമായി കിംസ് • ഇ വാർത്ത | evartha
Health & Fitness

ഹൃദയ ചികിത്സയില്‍ നൂതന സംവിധാനവുമായി കിംസ്

Heart-Care
അസാധാരണമായ ഒരു രോഗലക്ഷണവുമായാണ് ഇരുപത്തിയെട്ടുകാരിയായ മാലി യുവതി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിയത്. രണ്ട് വര്‍ഷമായി തലക്കറക്കവും അതിനൊപ്പം ബോധക്ഷയവും, പതിവായതോടെ ദൈനംദിന കാര്യങ്ങള്‍ പോലും ബുദ്ധിമുട്ടിലായിരുന്നു. ഒറ്റക്ക് പുറത്ത് പോകുന്നത് അപകടങ്ങള്‍ വരെ വരുത്താം എന്ന അവസ്ഥയില്‍ വിദഗ്ദ്ധ ചികിത്സ തേടാന്‍ യുവതിയുടെ കുടുംബം തീരുമാനിച്ചു.

 
സീ.റ്റി സ്‌കാന്‍ ഉള്‍പ്പെടെ തലച്ചോര്‍ സംബന്ധമായ പല രോഗനിര്‍ണ്ണയ പരിശോധനകളും നടത്തീട്ടും ഈ രോഗാവസ്ഥയുടെ യാഥാര്‍ത്ഥ കാരണം നിര്‍ണ്ണയിക്കുവാന്‍ സാധിച്ചില്ല. തുടര്‍ന്ന് ചില ചികിത്സകള്‍ നടത്തീട്ടും വ്യക്തമായ രോഗമാറ്റം കാണാതായതോടെ രോഗിയെ തിരുവനന്തപുരം കിംസിലെ ഇലക്ട്രോഫിസിയോളജിസ്റ്റ് ഡോ.മീരയുടെ അടുത്ത് എത്തിക്കുകയായിരുന്നു.
ഹൃദയമിടിപ്പിന്റെ താളപ്പിഴകള്‍ ചിലരില്‍ എങ്കിലും ഇത്തരം രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാം എന്നത് മനസ്സിലാക്കി രോഗിക്ക് വേണ്ട മരുന്നുകള്‍ നല്‍കി ചികിത്സ തുടങ്ങിയതിനു ശേഷം രോഗിയുടെ ശരീരത്തിനുള്ളില്‍ ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതിനയുള്ള ഒരു മൈക്രോചിപ്പ് ഉപകരണം സ്ഥാപിച്ചു. മൂന്നു വര്‍ഷത്തേക്ക് മനുഷ്യന്റെ ശരീരത്തിനുള്ളില്‍ മറ്റൊരു പാര്‍ശ്വഫലവും കൂടാതെ ഹൃദയമിടിപ്പ് നിരീക്ഷിക്കാന്‍ കഴിവുള്ള ഈ ഉപകരണം ഹൃദയമിടിപ്പിന്റെ താളപ്പിഴകളെ റെക്കോര്‍ഡ് ചെയ്ത് വയര്‍ലസ് സംവിധാനത്തിലൂടെ സോഫ്റ്റ്‌വെയര്‍ മുഖേന ഡോക്ടറില്‍ എത്തിക്കുന്നു. ഹൃദയമിടിപ്പിന്റെ ഈ പഠനത്തില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളിലൂടെ തുടര്‍ ചികിത്സ നടത്തി യഥാര്‍ത്ഥ രോഗകാരണം നിര്‍ണ്ണയിച്ച് രോഗം ഭേദമാക്കാന്‍ സാധിക്കുമെന്ന് ഡോ. മീര പറഞ്ഞു.
ഹൃദ്രോഗ സംബന്ധമായ രോഗനിര്‍ണ്ണയത്തില്‍ നൂതനമായ ഈ ചികിത്സാ രീതികള്‍ വരുന്നത് രോഗം മുന്‍കൂട്ടി തിരിച്ചറിഞ്ഞ് വേണ്ട ചികിത്സ ലഭ്യമാക്കുന്നതിന് ഉപകാരപ്പെടുമെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ജി. വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.