രോഹിത് വെമുല ദളിതനല്ലെന്ന് മാനവശേഷി മന്ത്രാലയം

single-img
24 August 2016

12487095_10156329841080315_1319418043815133185_oഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ദലിതനല്ലെന്നു റിപ്പോര്‍ട്ട്. രോഹിതിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ച റിട്ട.ജസ്റ്റിസ് എ.കെ.റൂപന്‍വാള്‍ കമ്മിഷനാണ് 26 കാരനായ രോഹിത് ദലിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിയല്ല എന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഒരു ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ആഗസ്ത് ആദ്യവാരം യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന് എ.കെ. രൂപന്‍വാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രോഹിത് വെമുല ദളിത് വിഭാഗത്തില്‍പ്പെട്ട ആളല്ലെന്നും യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈദരാബാദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പി. അപ്പറാവുവിന് പങ്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ പട്ടികജാതി കമ്മീഷന്റെ റിപ്പോര്‍ട്ടിന് വിരുദ്ധമാണ് എകാംഗ കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചകാര്യം എച്ച്.ആര്‍.ഡി മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.

സ്മൃതി ഇറാനി മാനവ വിഭവശേഷി മന്ത്രിയായിരിക്കെയാണ് രോഹിതിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഏകാംഗ കമ്മിഷനെ നിയമിച്ചത്. രോഹിത് വധേര സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥിയാണെന്നും ഇതു ഒബിസി വിഭാഗത്തില്‍പ്പെടുന്നതാണെന്നുമാണ് കമ്മിഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അതേസമയം, കമ്മിഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരം നല്‍കാന്‍ മാനവവിഭവശേഷി മന്ത്രാലയം വിസമ്മതിച്ചു.