ശ്രീകൃഷ്ണജയന്തി: കണ്ണൂരില്‍ സംഘര്‍ഷ സാധ്യതയെന്ന് മുന്നറിയിപ്പ്,കണ്ണൂരില്‍ 10 ഇടങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

single-img
24 August 2016

01KISOBHAYATRA_GS11_173820g
ശ്രീകൃഷ്ണജയന്തിദിനത്തില്‍ കണ്ണൂരില്‍ സംഘര്‍ഷസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സി.പി.എമ്മിന്റെ നമ്മളൊന്ന് ഘോഷയാത്രയും ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയും ഒരേ കേന്ദ്രത്തില്‍ ഈ ദിവസം നടക്കുന്നതിനാലാണിത്. ഘോഷയാത്രകളുടെ സമയവും സ്ഥലവും പോലീസ് ക്രമീകരിച്ച് നല്‍കിയിട്ടുണ്ട്. സമയക്രമം പൂര്‍ണമായി പാലിക്കുമെന്ന ഉറപ്പ് പോലീസിനില്ല. അതിനാല്‍, കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ജില്ലയിലാകെ ഒരുക്കുന്നത്. നൂറ് സായുധസേനാംഗങ്ങളെ അധികമായി ജില്ലയിലെത്തിക്കുന്നുണ്ട്.

ചട്ടമ്പി സ്വാമി ദിനാഘോഷത്തിന്റെ ഭാഗമായി വര്‍ഗ്ഗീയ വിരുദ്ധ പ്രചരണം എന്ന ആശയത്തില്‍ 2000 കേന്ദ്രങ്ങളില്‍ ഘോഷയാത്ര ഉള്‍പ്പെടെയുള്ള പരിപാടികളാണ് സിപിഎം ആസൂത്രം ചെയ്യുന്നത്. അത്രയും തന്നെ സ്ഥലങ്ങളില്‍ ആര്‍എസ്എസും ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസും ക്രമസമാധാന പാലനത്തിനായി സുസജ്ജമായി തയ്യാറായിരിക്കുന്നത്.
പയ്യന്നൂര്‍, മട്ടന്നൂര്‍, തലശ്ശേരി ഉള്‍പ്പെടെയുള്ള കണ്ണൂരിലെ 10 കേന്ദ്രങ്ങളില്‍ അധിക സേനയെ വിന്യസിപ്പിച്ചാണ് പോലീസ് നിലകൊള്ളുന്നത്. അടുത്തിടെ പയ്യന്നൂരും നാദാപുരത്തുമുണ്ടായ രാഷ്ട്രീയഅക്രമങ്ങളുടെ പശ്ചാത്തലത്തില്‍ തലശ്ശേരി, പയ്യന്നൂര്‍, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ്.