മുഴുവൻ സ്വാശ്രയ മെഡിക്കല്‍ സീറ്റിലും പ്രവേശം നടത്തുമെന്ന നിലപാട് ആവർത്തിച്ച് ആരോഗ്യമന്ത്രി:പ്രവേശന ചുമതല മാനേജുമെന്റുകള്‍ക്ക് നല്‍കില്ല

single-img
23 August 2016

kk-shalaja
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച നിലപാടില്‍ മാറ്റമിലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്രവേശം സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് കോടതിയെ ബോധ്യപ്പെടുത്തുമെന്ന് ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകളുമായി ചര്‍ച്ചക്ക് തയാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മെറിറ്റ് അട്ടിമറിക്കാന്‍ ആരേയും അനുവദിക്കില്ല. നീറ്റ് അടിസ്ഥാനമാക്കി മാത്രമേ പ്രവേശനം നടത്തൂ. ഏകീകൃത ഫീസ് വന്നാല്‍ മെറിറ്റ് സീറ്റിലെ കുട്ടികള്‍ക്ക് സബ്സിഡി നല്‍കും. മെറിറ്റുകാര്‍ക്ക് മാനേജ്മെന്റുകള്‍ സബ്സിഡി നല്‍കേണ്ടി വരും. മാനേജുമെന്റുകളുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും മന്ത്രി അറിയിച്ചു.

അതേസമയം, മെറിറ്റ്, മാനേജ്മെന്‍റ് സീറ്റുകളില്‍ ഏകീകൃത ഫീസ് വേണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തിട്ടില്ല. സംസ്ഥാന സര്‍ക്കാറിന്‍െറ പ്രവേശ പരീക്ഷയിലെ റാങ്ക് പട്ടികയില്‍നിന്നാണ് മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശം. മാനേജ്മെന്‍റ് സീറ്റുകളില്‍ അഖിലേന്ത്യാ പ്രവേശ പരീക്ഷയിലെ (നീറ്റ്) റാങ്കിന്‍റെ അടിസ്ഥാനത്തിലാണ്. രണ്ടും മെറിറ്റ് ലിസ്റ്റായതിനാല്‍ വ്യത്യസ്ത ഫീസ് ഈടാക്കുന്നത് ധാര്‍മികമല്ലെന്നതിനാലാണ് ഏകീകൃത ഫീസിനെ സര്‍ക്കാര്‍ എതിര്‍ക്കാത്തത്. ഇത് അംഗീകരിച്ചാല്‍ താഴ്ന്ന വരുമാനക്കാരായ നിശ്ചിത ശതമാനം കുട്ടികള്‍ക്ക് സ്കോളര്‍ഷിപ് നല്‍കണമെന്ന ആവശ്യവും സര്‍ക്കാര്‍ മുന്നോട്ടുവെക്കാൻ സാധ്യതയുണ്ട്.

സര്‍ക്കാര്‍ നടപടിക്കെതിരെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.ന്യൂനപക്ഷ പദവിയില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ആരോപിച്ചാണ് മാനേജ്മെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.