പാകിസ്താൻ നരകമല്ലെന്നും പാകിസ്താനികൾ നമ്മെപ്പോലുള്ളവരാണെന്നും പറഞ്ഞ നടി രമ്യക്കെതിരെ രാജ്യദ്രോഹക്കേസ്

single-img
23 August 2016

05-1375678551-ramya-election-01പാകിസ്താൻ നരകമല്ലെന്നും പാകിസ്താനികൾ നമ്മെപ്പോലുള്ളവരാണെന്നും പറഞ്ഞ നടിയും കര്‍ണാടകയിലെ മണ്ഡ്യയില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംപിയുമായ രമ്യയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്.‘പാകിസ്താന്‍ നരകമല്ല’ എന്ന രമ്യയുടെ എന്ന പരാമര്‍ശത്തിനെതിരെയാണ് കര്‍ണാടകയില്‍ നിന്നുള്ള അഭിഭാഷകന്‍ പരാതി നല്‍കിയത്. പാകിസ്താനെ അഭിനന്ദിക്കുന്നതിലൂടെ ഇന്ത്യയെ അപമാനിക്കുകയും ഇന്ത്യക്കാരെ പ്രകോപിപ്പിക്കുകയുമാണ് ചെയ്തതെന്ന് കേസ് നല്‍കിയ കെ.വിട്ടല്‍ ഗൗഡ പറയുന്നു.

സോംവാര്‍പേട്ടിലെ ഫസ്റ്റ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കേസ്. രമ്യയ്‌ക്കെതിരെ ഐപിസി 124എ വകുപ്പ് ചുമത്തണമെന്നാണ് ആവശ്യം. ഇത് രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ വരുന്ന വകുപ്പാണ്. ഈ മാസം 27നാണ് കേസ് പരിഗണിക്കുക.

പ്രതിരോധ മന്ത്രി മനോഹർ പരീക്കർ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ‘പാകിസ്താനിലേക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നതിന് തുല്യമാണ്’ എന്ന് അഭിപ്രായപ്പെട്ടത്. ഇതിന് മറുപടിയെന്നോണമാണ് സാർക് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ നടി പാകിസ്താനിലെ ജനങ്ങൾ വളരെ മാന്യമായാണ് തന്നോട് പെരുമാറിയതെന്ന് പറഞ്ഞത്. ‘പാകിസ്താൻ നരകമല്ല. നമ്മെപ്പോലുള്ളവരാണ് അവിടെയുമുള്ളത്.’ -രമ്യ പറഞ്ഞു.

രമ്യയുടെ പ്രസ്താവനയെ പിന്തുണച്ച് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് ദിനേശ് ഗുണ്ട് റാവു രംഗത്തെത്തി. രമ്യ വിവാദ പ്രസ്താവന നടത്തിയിട്ടില്ലെന്നും പാക് സന്ദർശനത്തിന്‍റെ അനുഭവം വിവരിക്കുക മാത്രമാണ് ചെയ്തതെന്നും ദിനേശ് റാവു പറഞ്ഞു.

https://twitter.com/divyaspandana/status/767355107474219009

മണ്ഡ്യയില്‍ വനിത റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രമ്യയുടെ വിവാദ പരാമര്‍ശം. 2016ലെ സര്‍ക്ക് യുവ പാര്‍ലമെന്റ് അംഗങ്ങളുടെ യോഗം ഇസ്ലാമാബാദില്‍ നടന്നപ്പോള്‍ രമ്യയും പങ്കെടുത്തിരുന്നു.