ശ്രീകൃഷ്ണജയന്തി ആഘോഷിയ്ക്കാൻ കോൺഗ്രസും; സിപിഎം നേതൃത്വം നൽകുന്ന ബാല സംഘത്തിനും ആർ.എസ്.എസ് നേതൃത്വം നൽകുന്ന ബാല ഗോകുലത്തിനും ബദലായി ബാലവേദിയും ശോഭായാത്രകൾ സംഘടിപ്പിയ്ക്കും • ഇ വാർത്ത | evartha
Kerala

ശ്രീകൃഷ്ണജയന്തി ആഘോഷിയ്ക്കാൻ കോൺഗ്രസും; സിപിഎം നേതൃത്വം നൽകുന്ന ബാല സംഘത്തിനും ആർ.എസ്.എസ് നേതൃത്വം നൽകുന്ന ബാല ഗോകുലത്തിനും ബദലായി ബാലവേദിയും ശോഭായാത്രകൾ സംഘടിപ്പിയ്ക്കും

01KISOBHAYATRA_GS11_173820gകോണ്‍ഗ്രസിന്റെ ബാല സംഘടനയായ ബാലവേദി പ്രവർത്തനം ശക്തിപ്പെടുത്തുന്നു.സിപിഎം നേതൃത്വം നല്‍കുന്ന ബാല സംഘവും ആർ.എസ്.എസ് നേതൃത്വം നല്‍കുന്ന ബാല ഗോകുലവും ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ആഘോഷങ്ങൾ സംഘടിപ്പിച്ച് കുട്ടികളെ ആകർഷിക്കുന്നത് തിരിച്ചറിഞ്ഞാണു ഇതിനു ബദലായി ആഘോഷപരിപാടികൾ സ്വീകരിയ്ക്കാനും ബാലവേദി പ്രവർത്തനം ശക്തിപ്പെടുത്താനും തീരുമാനിച്ചത്.

കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെയും അനുഭാവികളുടെയും ഭവനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പോലും ഇതര രാഷ്ട്രീയ സംഘടനകൾ നടത്തുന്ന പരിപാടികളിൽ പങ്കെടുത്ത് കൃഷണനായും രാധയായും മറ്റും അണിഞ്ഞൊരുങ്ങി ശോഭാ യാത്രകളില്‍ പങ്കെടുക്കുകയും ബാലഗോകുലത്തിന്റെ വിവിധങ്ങാളായ പഠന ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നത് പതിവാണ്.ഇത് തിരിച്ചറിഞ്ഞാണു കോൺഗ്രസിന്റെ പുതിയ നീക്കം.

ബാലവേദി പ്രവർത്തനം ശക്തമാക്കുന്നതിനായി ചെങ്ങന്നൂരില്‍ പി.സി.വിഷ്ണുനാഥ്, കായംകുളം എം.ലിജു,ചേര്‍ത്തല എസ്.ശരത്ത്,കരുനാഗപ്പള്ളി സി.ആര്‍ മഹേഷ്, തൃശൂര്‍ പത്മജാ വേണുഗോപാല്‍ തുടങ്ങിയവരെ ചെയര്‍മാന്‍മാരായി അതത് മണ്ഡലങ്ങളില്‍ നിയോഗിച്ചു കഴിഞ്ഞു. ബാക്കി മണ്ഡലങ്ങളിലും ഉടന്‍ ബാലവേദി വിളിച്ച് ചെയര്‍മാന്‍മാരെ നിശ്ചയിച്ച് പ്രവര്‍ത്തനം ശക്തമാക്കുവാനാണ് പദ്ധതി. കുട്ടികളിലൂടെ കോണ്‍ഗ്രസിനെ രക്ഷിക്കുക എന്ന ദൗത്യമാണ് ഈ ചെയര്‍മാന്‍മാര്‍ക്ക് ഉള്ളത്.

സിപിഎം ബാല സംഘം സംസ്ഥാനത്ത് ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ഇതിനോടകം വേരോട്ടം നടത്തിക്കഴിഞ്ഞു. വേനല്‍ അവധികാലത്ത് എല്ലാ പ്രദേശങ്ങളിലും സംഘടിപ്പിക്കുന്ന വേനല്‍തുമ്പികള്‍ എന്ന ക്യാമ്പും കലാ ജാഥയും ഇതിനോടകം കുട്ടികളെ ആകര്‍ഷിച്ചിട്ടുണ്ട്. ഇത്തവണ ശ്രീകൃഷ്ണ ജയന്തി ആഘോഷദിനം ചട്ടമ്പിസ്വാമിജയന്തി ആഘോഷിക്കുമെന്ന് സിപിഎം തീരുമാനിച്ചിട്ടൂണ്ട്.ശ്രീകൃഷ്ണ ജയന്തിയ്ക്ക് പകരം ജാതി-മത-വര്‍ഗീയ ശക്തികള്‍ക്ക് എതിരെ ആഗസ്റ്റ് 24ന് ചട്ടമ്പിസ്വാമി ദിനാചരണത്തിന്റെ ഭാഗമായി സിപിഎം നവോത്ഥാന ഘോഷയാത്ര നടത്തും.