ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ വെള്ളി നേടി രാജ്യത്തിനു അഭിമാനമായ പി.വി സിന്ധുവിന് സമ്മാനപ്പെരുമഴ;ബാഡ്മിന്റണില്‍ ഇന്ത്യന്‍ ഭാവി ഭദ്രംമെന്ന് സിന്ധു

single-img
20 August 2016

591959802-1471627104-800ബാഡ്മിന്റണില്‍ ഇന്ത്യന്‍ ഭാവി സുരക്ഷിതമെന്ന് പി.വി സിന്ധു. ഇന്ത്യ ബാഡിമിന്റണില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുമെന്നും സിന്ധു പ്രതികരിച്ചു. ‘ഇത് അതിശയിപ്പിക്കുന്ന ആഴ്ചയാണ്. ഞാന്‍ നന്നായി കളിച്ചു. വലിയ മത്സരങ്ങള്‍ ലഭിച്ചു. ഇപ്പോള്‍ ഞാന്‍ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവാണ്. റിയോയില്‍ എത്തിയത് ഒരു മെഡല്‍ നേടാന്‍ ഉറച്ചാണ്. അത് ഇപ്പോള്‍ സാധ്യമായി. ഇപ്പോള്‍ മുതല്‍ ജീവിതം മാറി തുടങ്ങുകയാണ്. ഇപ്പോഴെ ഞാന്‍ അത് അനുഭവിച്ചു തുടങ്ങി’യെന്നും സിന്ധു പറഞ്ഞു.റിയോയിലെ വെള്ളി മെഡല്‍ നേട്ടത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിന്ധു.

സ്വര്‍ണം നേട്ടത്തിന് ഉടമയായ കരോളിനെ ഈ അവസരത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു. എല്ലാവരുടെയും ലക്ഷ്യമാണ് ഒരു ഒളിമ്പിക് മെഡല്‍ നേടുക എന്നത്’ സിന്ധു പറഞ്ഞു. ഫൈനല്‍ മത്സരത്തില്‍ ഞങ്ങള്‍ ഇരുവരും മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്. മത്സരമാകുമ്പോള്‍ ഒരാള്‍ ജയിക്കുമ്പോള്‍ മറ്റേയാള്‍ തോല്‍ക്കണം. ഇന്ന് കോര്‍ട്ടില്‍ കരോളിന്റെ ദിവസമായിരുന്നു’ എന്നാണ് ഫൈനല്‍ മത്സരത്തെ പറ്റി സിന്ധു പ്രതികരിച്ചത്.

അതേസമയം റിയോ ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ വെള്ളി നേടി ഇന്ത്യയുടെ അഭിമാനമായ പി.വി സിന്ധുവിന് സമ്മാനപ്പെരുമഴ. ഡല്‍ഹി സര്‍ക്കാര്‍ 2 കോടിയും തെലുങ്കാന സര്‍ക്കാര്‍ 1 കോടിയും ദേശീയ ബാഡ്മിന്റണ്‍ ഫെഡറേഷനും മധ്യപ്രദേശ് സര്‍ക്കാറും 50 ലക്ഷം രൂപ വീതവും സിന്ധുവിന് നല്‍കും. സിന്ധുവിന്റെ പരിശീലകനും മുന്‍ താരവുമായ പുല്ലേല ഗോപീചന്ദിന് 10 ലക്ഷം രൂപയും സമ്മാനമായി നല്‍കുമെന്ന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് അഖിലേഷ് ദാസ് ഗുപ്ത പറഞ്ഞു. സിന്ധുവിന് ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ബിഎംഡബ്ല്യം കാറും സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.