തിരുവനന്തപുരത്ത് തെരുവ് നായക്കൂട്ടം വീട്ടമ്മയെ കടിച്ചുകൊന്നു;തെരുവ് നായ്ക്കളെ വന്ധീകരിക്കുമെന്ന് മന്ത്രി കെ.ടി ജലീൽ • ഇ വാർത്ത | evartha
Breaking News

തിരുവനന്തപുരത്ത് തെരുവ് നായക്കൂട്ടം വീട്ടമ്മയെ കടിച്ചുകൊന്നു;തെരുവ് നായ്ക്കളെ വന്ധീകരിക്കുമെന്ന് മന്ത്രി കെ.ടി ജലീൽ

siluvamma1

തെരുവുനായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ചു. കരുംകുളം പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ ചിന്നപ്പന്‍െറ ഭാര്യ ശിലുവമ്മയാണ് (65) മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പുല്ലുവിള കടല്‍ത്തീരത്തായിരുന്നു സംഭവം. മാരക പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച ഇവരുടെ മകന്‍ സെല്‍വരാജിനും പരിക്കേറ്റു. സെല്‍വരാജ് കടലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.

ഇവരുടെ കൈകാലുകൾ നായ്ക്കൾ കടിച്ചുതിന്ന നിലയിലായിരുന്നു. രാത്രി എട്ടരയോടെയാണ് പുല്ലുവിള തീരദേശവാസികളെ ഭീതിയിലാഴ്ത്തിയ സംഭവം അരങ്ങേറിയത്. രാത്രി വീട്ടിൽ നിന്നും പുറത്തിറങ്ങിയ സിൽവമ്മയെ 20 ഓളം വരുന്ന തെരുവ് നായ്ക്കളുടെ കൂട്ടുമാണ് ആക്രമിച്ചത്. നിലത്ത് വീണ ഇവരുടെ ശരീരം നായ്ക്കൾ കടിച്ചുമുറിച്ച് വികൃതമാക്കി.
പുല്ലുവിള സ്വദേശി ഡെയ്സിക്കു നായക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. ഇവരുടെ കൈയ്യിലും കാലിലുമാണ് കടിയേറ്റത്. കൈയ്യിൽ ആഴത്തിലുള്ള കടിയേറ്റു. ഡെയ്സി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ രാത്രിയാണ് നായക്കൂട്ടം ഡെയ്സിയെയും ആക്രമിച്ചത്. രാത്രി 11.30 ഓടെയാണ് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. തുടർന്ന് സർജറി, ഓർത്തോപീഡിക്, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളിലെ ചികിത്സകൾ ലഭ്യമാക്കി.

തെരുവ് നായ്ക്കൾ ആക്രമണം നടത്തിയ പുല്ലുവിളയിൽ ജനം പ്രതിഷേധത്തിലും ആശങ്കയിലുമാണ്. തെരുവ് നായ്ക്കളെ വകവരുത്താൻ കാഞ്ഞിരംകുളം പഞ്ചായത്തിൽ അടിയന്തിര യോഗം ഇന്ന് വൈകുന്നേരം നാലിന് നടക്കും. മരിച്ച സിൽവമ്മയുടെ മൃതദേഹം ഇന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. നെയ്യാറ്റിൻകര തഹസിൽദാറും അധികാരികളും സംഭവ സ്‌ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.

അതേസമയം സംസ്ഥാനത്തെ തെരുവ് നായ്ക്കളെ വന്ധീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീൽ. ഇതുസംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകും. ആക്രമണകാരികളായ നായ്കളെ കൊല്ലാൻ നിയമം തടസമില്ല. ഒരു നായ്ക്ക് 2,000 രൂപ നിരക്കിൽ വന്ധ്യംകരണത്തിന് തുക നൽകുമെന്നും കെ.ടി ജലീൽ പറഞ്ഞു.തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് നൽകുന്ന പ്ലാൻ ഫണ്ട് ചെലവഴിച്ചോ എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉറപ്പുവരുത്തും. ഇതിനായി സോഷ്യൽ ഒാഡിറ്റ് നടത്തുമെന്നും മന്ത്രി ജലീൽ വ്യക്തമാക്കി.