അമിത വണ്ണം കുറയ്ക്കാന്‍ ബാരിയാട്രിക് ശസ്ത്രക്രിയ

single-img
19 August 2016

shutterstock_62264713

മാറിയ ജീവിത ശൈലിയും തെറ്റായ ഭക്ഷണ ക്രമങ്ങളും സ്യഷ്ടിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് പൊണ്ണത്തടി. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയും ദോഷകരമായി ബാധിക്കുന്ന ഒന്നാണിത്. ഹ്യദയ സ്തംഭനം, പക്ഷാഘാതം, രക്ത സമ്മര്‍ദ്ദം, പ്രമേഹം, ഫാറ്റി ലിവര്‍, വന്ധ്യത, സന്ധി വേദന തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് പൊണ്ണത്തടി കാരണമാകാം. കൂടാതെ ചില അര്‍ബുദ രോഗങ്ങള്‍ക്കും ഇത് കാരണമാകുന്നു.

ശരീരഭാരം ആവശ്യത്തില്‍നിന്നും അല്‍പം കൂടുമ്പോള്‍ അമിതവണ്ണമെന്നും (over weight)േ വല്ലാതെ കൂടുമ്പോള്‍ പൊണ്ണത്തടി (Obesity) എന്നും പറയുന്നു. ജീവഹാനിക്കുപോലും നിമിത്തമാകുന്ന പൊണ്ണത്തടിയെ Morbid Obesity എന്ന് പറയുന്നു.
ഇന്ന് കേരളത്തിലെ മൂന്നിലൊന്ന് സ്ത്രീകളും നാലിലൊന്ന് പുരുഷന്‍ മാരും ഭാരക്കുടുതല്‍ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഭക്ഷണം ധാരാളം കഴിക്കുന്നതും അതിനു ആനുപാതികമായി ശരീര വ്യായാമം ഇല്ലാത്തതുമാണ് അമിതവണ്ണത്തിനുള്ള കാരണം. നമുക്ക് ആവശ്യമായതിനേക്കാള്‍ ഭാരം കൂടുതലുണ്ടോ എന്ന് കണ്ടെത്താനുള്ള വഴിയാണ് ബോഡി മാസ് ഇന്‍ഡക്‌സ് പരിശോധിക്കല്‍. ശരീരഭാരത്തെ ഉയരത്തിന്റെ വര്‍ഗം കൊണ്ട് ഹരിച്ചാല്‍ ബിഎംഐ ലഭിക്കും. ബിഎംഐ = ഭാരം / മീറ്ററിലുള്ള ഉയരത്തിന്റെ വര്‍ഗം. ശരീരഭാരം കിലോഗ്രാമിലും ഉയരം മീറ്ററിലും വേണം കണക്കാക്കാന്‍. ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ) 18 മുതല്‍ 25 വരെയാണെങ്കില്‍ കുഴപ്പമില്ല. 25 മുതല്‍ 30 ആണെങ്കില്‍ ഭാരക്കൂടുതലാണ്, അപ്പോള്‍ ചികില്‍സ തുടങ്ങണം. ആദ്യഘട്ടത്തിലെ ചികില്‍സ ഭക്ഷണനിയന്ത്രണവും വ്യായാമവും തന്നെ. പക്ഷേ, ബിഎംഐ 30നു മുകളിലായാല്‍ സ്ഥിതി ഗുരുതരമാകും.

ബാരിയാട്രിക് സര്‍ജറി

അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയെയാണ് ബാരിയാട്രിക് സര്‍ജറി എന്നു പറയുന്നത്. പല രീതികളുണ്ടെങ്കിലും ബാരിയാട്രിക് ശസ്ത്രക്രിയ പ്രധാനമായും താക്കോല്‍ ദ്വാര ശസ്ത്രക്രിയാ മാര്‍ഗ്ഗമാണ് ചെയ്യുന്നത്, ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നു, അല്ലെങ്കില്‍ ദഹന ശേഷം ആഗിരണം ചെയ്യുന്ന കലോറി കുറയ്ക്കുന്നു.

എ.ജി.ബി അഥവാ അഡ്ജസ്റ്റബ്ള്‍ ഗാസ്ട്രിക് ബാന്‍ഡ് എന്ന ശസ്ത്രക്രിയയില്‍ ഒരു ബാന്‍ഡ് ഉപയോഗിച്ച് നമ്മുടെ ആമാശയത്തിന്റെ വലുപ്പം കുറയ്ക്കുകയും അതുവഴി ഒരു പ്രാവശ്യം രോഗിക്ക് പരമാവധി കഴിക്കാവുന്ന ആഹാരത്തിന്റെ അളവ് 100 മില്ലിയാക്കി കുറയ്ക്കുകയാണ് ചെയ്യുക. അപ്പോള്‍ കുറച്ചു ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ വയറു നിറയും. അതോടെ ഭക്ഷണം കഴിക്കുന്നതില്‍ കുറവു വരും. കൂടുതല്‍ ആഹാരം കഴിക്കാന്‍ കഴിയാതെവരുമ്പോള്‍ സ്വാഭാവികമായും രോഗിയുടെ ഭാരം കുറയാന്‍ തുടങ്ങും.
ഭക്ഷണം കഴിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തുക മാത്രം ചെയ്യുന്നതാകയാല്‍ ഈ ശസ്ത്രക്രിയ കൊണ്ട് മറ്റ് പാര്‍ശ്വഫലങ്ങളൊന്നുമില്ല.

ഗ്യാസ്ട്രിക് ബൈപാസ് ആണ് മറ്റൊരു ശസ്ത്രക്രിയ. ഇതും കഴിക്കുന്ന ആഹാരത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് ഉള്ളതാണെങ്കിലും മറ്റൊരു രീതിയിലാണെന്നു മാത്രം. ചെറുകുടലിന്റെ പകുതി ഭാഗത്തുകൂടെ മാത്രം ആഹാരം കടത്തിവിടാനുള്ള സജ്ജീകരണമാണ് ഈ ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. അതോടെ നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരം ആഗീരണം ചെയ്യുന്നതിന്റെ അളവ് കുറയും. ഇതാണ് കൂടുതല്‍ ഫലപ്രദമെങ്കിലും അല്‍പം സങ്കീര്‍ണമാണ്.

സാധാരണഗതിയില്‍ 200 കിലോഗ്രാമിനും മേലെ ഭാരമുള്ളവര്‍ക്കേ ഈ ശസ്ത്രക്രിയ നിര്‍ദേശിക്കാറുള്ളു. ശസ്ത്രക്രിയക്കു ശേഷം പോഷകാഹാരക്കുറവ് വരാനും പിത്താശയക്കല്ല് രൂപപ്പെടാനും സാധ്യതയുള്ളതിനാല്‍ അവ പ്രതിരോധിക്കുന്നതിന് മറ്റ് ചികില്‍സകള്‍ വേണ്ടി വരും എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

മൂന്നുമണിക്കൂര്‍ വരെ ദൈര്‍ഘ്യം വരുന്ന താക്കോല്‍ദ്വാര ശസ്ത്രക്രിയയാണ് ചെയ്യുന്നത്. നാലോ അഞ്ചോ ദിവസത്തെ ആശുപത്രി വാസവും 10 ദിവസത്തെ വിശ്രമവും മതിയാകും ശസ്ത്രക്രിയ കഴിഞ്ഞാല്‍. മുലയൂട്ടുന്ന അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഒഴികെ ആര്‍ക്കും ഈ ശസ്ത്രക്രിയ ചെയ്യാം.
ശസ്ത്രക്രിയ കൊണ്ടു മാത്രം ഭാരം കുറച്ച് പൂര്‍ണമായും പഴയ അവസ്ഥയിലേക്ക് എത്താമെന്ന് തെറ്റിദ്ധരിക്കരുത്. ഉദാഹരണമായി 70 കിലോഗ്രാം ഭാരമുണ്ടായിരുന്നയാള്‍ക്ക് ഇപ്പോള്‍ 120 കിലോഗ്രാം ഉണ്ടെങ്കില്‍ ശസ്ത്രക്രിയയിലൂടെ അത് 85 കിലോഗ്രാം വരെയായി കുറയ്ക്കാം. ബാക്കിയുള്ളത് ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും തന്നെ കുറച്ചെടുക്കേണ്ടി വരും.

Dr Anu Antony Vargheseലേഖകന്‍: തിരുവനന്തപുരം എസ്.പി ഫോര്‍ട്ട് ഹോസ്പിറ്റലിലെ പ്രശസ്ത ലാപ്രോസ്‌കോപിക് ആന്റ് ബാരിയാട്രിക് സര്‍ജന്‍ ഡോ: അനു ആന്റണി വര്‍ഗ്ഗീസ്