ഗസലിനും പെരുമഴക്കാലത്തിനും തൂലിക ചലിപ്പിച്ച പ്രമുഖ തിരക്കഥാകൃത്ത് ടി.എ. റസാഖ് വിടവാങ്ങി

single-img
16 August 2016

TA-Razak
തിരക്കഥാകൃത്തും, സംവിധായകനുമായ ടി.എ. റസാഖ് (58) കരള്‍രോഗത്തെ തുടര്‍ന്ന് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം.
എണ്‍പതുകളുടെ മധ്യത്തില്‍ സിനിമാലോകത്ത് എത്തിയ റസാഖിന്റെ തിരക്കഥകള്‍ ബന്ധങ്ങളുടെ തീവ്രത കൊണ്ട് ശ്രദ്ധേയമായിരുന്നു. താലോലം, സ്‌നേഹം, ബസ് കണ്ടക്ടര്‍, പെണ്‍പട്ടണം, പരുന്ത്, ഗസല്‍, കാണാക്കിനാവ്, നാടോടി, വേഷം, ആയിരത്തില്‍ ഒരുവന്‍, പെരുമഴക്കാലം തുടങ്ങിയ നിരവധി ഹിറ്റുകളാണ് സിനിമാലോകത്ത് റസാഖിനെ ശ്രദ്ധേയനാക്കിയത്.
കാണാക്കിനാവ്, പെരുമഴക്കാലം, ആയിരത്തില്‍ ഒരുവന്‍ എന്നിവയുടെ രചനയിലൂടെ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. കമലിന്റെ സംവിധാനത്തില്‍ ഹിന്ദു-മുസ്ലീം ബന്ധങ്ങളുടെ കഥ ഹൃദയസ്പര്‍ശിയായി പറഞ്ഞ പെരുമഴക്കാലത്തിന് നിരവധി പുരസ്‌കാരങ്ങളാണ് ദേശീയ-സംസ്ഥാനതലത്തില്‍ നേടാനായത്. നായികാപ്രാധാന്യമുള്ള ചിത്രത്തില്‍ ഗംഗ എന്ന വിധവയായ കഥാപാത്രത്തിലൂടെ കാവ്യാ മാധവന് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും പെരുമഴക്കാലം നേടിക്കൊടുത്തു.
അന്തരിച്ച സംവിധായകന്‍ എ.ടി. അബുവിന്റെ സംവിധാന സഹായിയായി ധ്വനി എന്ന സിനിമയിലൂടെ 1987-ല്‍ സിനിമയിലെത്തിയ റസാഖ് ലെനിന്‍ രാജേന്ദ്രന്റെ വചനത്തിലും സംവിധാന സഹായിയായി. പിന്നീടാണ് തിരക്കഥാരചനയിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നിയത്.

2016ല്‍ പുറത്തിറങ്ങിയ സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് അദ്ദേഹം അവസാനം തിരക്കഥ എഴുതിയ ചിത്രം. സലിം കുമാറിനെ നായകനാക്കി മൂന്നാം നാള്‍ ഞായറാഴ്ച എന്ന സിനിമ ഇദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരുന്നു. മതം മനുഷ്യജീവിതത്തില്‍ എങ്ങനെ ഇടപെടുന്നു എന്നതായിരുന്നു ചിത്രം പറഞ്ഞത്.