സമദൂരമെന്നത് യുക്തിരഹിത നിലപാടെന്ന് കോടിയേരി,മാണിയെ പരസ്യമായി മുന്നണിയിലേക്ക് ക്ഷണിച്ച് ദേശാഭിമാനി മുഖപ്രസംഗം

single-img
12 August 2016

screen-12.01.56[12.08.2016]

തിരുവനന്തപുരം: കേരളത്തിലെ ഇരുമുന്നണികളോടും സമദൂരം പാലിക്കുകയെന്ന കേരള കോണ്‍ഗ്രസ് എം നിലപാട് യുക്തിരഹിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പരാമര്‍ശം.യു.ഡി.എഫ് വിട്ട് നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കാകാനുള്ള കേരള കോണ്‍ഗ്രസിന്റെ ചരല്‍ക്കുന്ന് തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍, യു.ഡി.എഫിന്റെ തകര്‍ച്ചയുടെ ഗുണഭോക്താക്കളാകാന്‍ ബി.ജെ.പിയെ അനുവദിച്ചുകൂടായെന്ന് ലേഖനത്തില്‍ പറയുന്നു.

അതേസമയം യു.ഡി.എഫ് വിട്ട കേരള കോൺഗ്രസ് മാണി വിഭാഗത്തേയും മുസ്ലിം ലീഗ് അടക്കമുള്ള അസംതൃപ്തരായ മറ്റ് കക്ഷികളേയും ഇടതുപക്ഷ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ദേശാഭിമാനിയുടെ മുഖപ്രസംഗം. ‘യു.ഡി.എഫിന്‍റെ തകര്‍ച്ചയും ഭാവികേരളവും’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് കേരള കോൺഗ്രസിനെ പേരെടുത്ത് പറഞ്ഞുകൊണ്ടുതന്നെ പരസ്യമായി ക്ഷണിക്കുന്നത്. ജനകീയപ്രശ്നങ്ങളില്‍ വിശാലമായ ഐക്യം കെട്ടിപ്പടുക്കുന്നതിന്‍റെ ഭാഗമായി കേരള കോണ്‍ഗ്രസുമായും ഇപ്പോള്‍ യു.ഡി.എഫിന്‍റെ ഭാഗമായി നില്‍ക്കുന്ന മറ്റ് കക്ഷികളുമായും സഹകരിക്കാവുന്ന ഒട്ടേറെ മേഖലകളുണ്ട്. ഇവിടെ വര്‍ഗീയത ആരോപിച്ച് ആരെയെങ്കിലും തീണ്ടാപ്പാടകലെ നിര്‍ത്തുന്നതില്‍ ന്യായീകരണമില്ലെന്ന് മുഖപ്രസംഗം. പറയുന്നു.

ആദ്യ നായനാര്‍ മന്ത്രിസഭയില്‍ കെ.എം മാണി മന്ത്രിയായിരുന്നുവെന്നും മുഖപ്രസംഗം. ചൂണ്ടിക്കാട്ടുന്നു. നിയമസഭയിൽ ഭൂരിപക്ഷമുണ്ടെങ്കിലും ജനകീയ അടിത്തറ അനുകൂലമായി വികസിപ്പിച്ചെടുക്കാനുള്ള കടമ ഇടതുപക്ഷത്തിനുണ്ടെന്നും ലേഖനം സമർഥിക്കുന്നു.