യുഡിഎഫ് വിടാനുള്ള തിരുമാനത്തിൽ മാറ്റമില്ലെന്ന് കെ.എം മാണി;ഒറ്റയ്ക്കു നിന്നു കഴിവു തെളിയിക്കും;ജോസ് കെ. മാണിക്ക് കേന്ദ്ര മന്ത്രിയാകാൻ താത്പര്യമുണ്ടെങ്കിൽ ഇക്കാര്യം പ്രധാനമന്ത്രിയുമായി സംസാരിക്കാമെന്ന് തുഷാർ വെള്ളാപ്പള്ളി

single-img
11 August 2016

13950643_582953158580057_1579561291_o

യുഡിഎഫ് വിടാനുള്ള കേരള കോൺഗ്രസ്–എമ്മിന്റെ നിലപാടിൽ ഉറച്ച് പാർട്ടി ചെയർമാൻ കെ.എം.മാണി വീണ്ടും രംഗത്ത്. മുന്നണി വിട്ട വിഷയത്തിൽ പാർട്ടിയിൽ ഭിന്നസ്വരങ്ങളുണ്ടെന്ന മാധ്യമവാർത്തകൾ അദ്ദേഹം തള്ളി. മുന്നണി ബന്ധം അനിവാര്യമാണെന്ന പി.ജെ.ജോസഫിന്റെ വാക്കുകളെ അദ്ദേഹം ശരിവച്ചു. ജോസഫ് പറഞ്ഞത് ശരിയാണെന്നും പാർട്ടി നിലവിൽ ഒറ്റയ്ക്ക് നിൽക്കുമെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിനു പ്രസക്തി ഇല്ലെന്ന മാണിയുടെ നിലപാടിനോട് വിയോജിപ്പാണെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കിയിരുന്നു. ഒരു കാരണവശാലും എൻഡിഎയിലേക്ക് പോകില്ല. മത ന്യൂനപക്ഷങ്ങൾക്കു വേണ്ടി നിലകൊള്ളുന്നവരെ പിന്തുണക്കും. തങ്ങൾക്ക് പിന്തുണ നൽകുന്ന ജനവിഭാഗത്തെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ബലികൊടുക്കില്ല. ഇതേക്കുറിച്ചെല്ലാം തനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് പാർട്ടിയിൽ പറയുമെന്നും മോൻസ് ജോസഫ് വ്യക്തമാക്കിയിരുന്നു.

മോന്‍സ് ജോസഫിന്റെ പ്രസ്താവനയെ പിന്തുണച്ച് പിജെ ജോസഫും രംഗത്തെത്തി. കേരളത്തില്‍ മുന്നണി ബന്ധം അനിവാര്യമാണെന്ന് പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഒറ്റയ്ക്ക് നിന്ന് ശക്തിപ്പെടുക എന്നതാണ് പാര്‍ട്ടി നയം. ഇപ്പോഴത്തെ കാലഘട്ടത്തില്‍ മുന്നണിബന്ധം ഉള്ളതാണ് നല്ലതെന്നും പിജെ ജോസഫ് പറഞ്ഞു.

അതേസമയം ജോസ് കെ. മാണി എംപി കേന്ദ്ര മന്ത്രിയാകാൻ യോഗ്യനാണെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. മന്ത്രിയാകാൻ അദ്ദേഹത്തിന് താത്പര്യമുണ്ടെങ്കിൽ ഇക്കാര്യം പ്രധാനമന്ത്രിയുമായി സംസാരിക്കാം. കെ.എം.മാണിയെ എൻഡിഎ മുന്നണിയുടെ ഭാഗമാകാൻ ക്ഷണിക്കുകയാണ്. ഇക്കാര്യം ബിജെപി നേതൃത്വത്തോടും ചർച്ച ചെയ്യുമെന്നും തുഷാർ പറഞ്ഞു.