ആത്മഹത്യാ കുറ്റം നേരിടുന്ന ഇറോം ശര്‍മിള ഐതിഹാസിക സമരം അവസാനിപ്പിച്ചത് ആത്മഹത്യാ ശ്രമം കുറ്റകരമല്ലാതാക്കിയ ദിനത്തില്‍; ഡോക്ടറാകാന്‍ കൊതിച്ച് ഒടുവിൽ എത്തിച്ചേർന്നത് പോരാട്ട വഴിയിൽ

single-img
10 August 2016

VBK-IROM_FAST_2965385g
മണിപ്പൂരി ഉരുക്കു വനിത ഇറോം ശര്‍മിള 16 വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു. മൂക്കിലൂടെ കൃത്രിമമായി ഭക്ഷണം സ്വീകരിക്കുന്നതും അവസാനിപ്പിച്ചു. തികച്ചും വികാര നിര്‍ഭരമായ നിമിഷങ്ങളിലൂടെ ആയിരുന്നു ഈ നിമിഷങ്ങളില്‍ അവര്‍ കടന്നുപോയത്. നിരാഹാര സമരം അവസാനിപ്പിച്ച ശര്‍മിള മണിപ്പൂരിന്റെ ഉരുക്കുവനിത എന്ന പേര് നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കി.

16 വർഷം നീണ്ട സമാനതയില്ലാത്ത സഹനസമരം അവസാനിപ്പിച്ചതിന് പല ഭാഗത്ത് നിന്നും ഇറോമിന് വിമർശങ്ങൾ നേരിടേണ്ടി വന്നിരുന്നു. നിരാഹാരം അവസാനിപ്പിച്ച് മണിപൂർ സ്വദേശിയല്ലാത്തയാളെ വിവാഹം ചെയ്താൽ വധിച്ചുകളയുമെന്ന് ഇറോമിനു ഇപ്പോൾ തന്നെ ഭീഷണി ഉയർന്നിട്ടൂണ്ട്.

അവരുടെ സംശയങ്ങൾ എന്‍റെ രക്തം കൊണ്ട് മായ്ച്ചുകളയും. ചിലർക്ക് ഞാൻ ഇപ്പോൾ ചെയ്യുന്നന്തെന്ന് മനസ്സിലാകില്ല. ഗാന്ധിയേയും യേശുവിനേയും കൊന്ന പോലെ അവർ എന്നേയും കൊല്ലട്ടെ. ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ സമ്മർദമോ കൊണ്ടാണോ നിരാഹാരം പിൻവലിക്കുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇറോം ശര്‍മിള പറഞ്ഞു.

നിരാഹാരം പിൻവലിച്ച തന്നെ ചിലർ തെറ്റിദ്ധരിച്ചു. മണിപൂരിലെ അഫ്സപ നിയമം പിൻവലിക്കുന്നതിന് അധികാരം ആവശ്യമാണ്. അതിന് വേണ്ടിയാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. ഇത് പോരാട്ടത്തിന്‍റെ പുതിയ രൂപമാണെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിയായാൽ താൻ ആദ്യം ചെയ്യുന്ന കാര്യം അഫ്സപ പിൻവലിക്കുകയായിരിക്കുമെന്നും ഇറോം ശർമിള വ്യക്തമാക്കി.

അതേസമയം അഫ്പസക്കെതിരെയുള്ള ഒറ്റയാള്‍ പോരാട്ടം അവസാനിപ്പിച്ചതിന് പിന്നില്‍ കാമുകനാണെന്ന് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ്- ഇന്ത്യന്‍ വംശജനായ ഗോവ സ്വദേശി ഡെസ്മോണ്ട് കൗട്ടിനോയുമായുള്ള പ്രണയമാണ് നിരാഹാരസമരം അവസാനിപ്പിച്ചതിന് പ്രേരണയായതെന്നാണ് വാര്‍ത്തകള്‍. ഡെസ്മോണ്ടുമായി പ്രണയത്തിലാണെന്ന് 2011 ല്‍ ഇറോം ശര്‍മ്മിള വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്നും സാധാരണക്കാരിയായി തന്നെ കാണണമെന്നും പറയുന്ന ശര്‍മ്മിള സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡെസ്മോണ്ടിന്‍്റെ ജീവിതത്തിലേക്ക് കടക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
മാതാപിതാക്കളുടെ ഒന്‍പത് മക്കളില്‍ ഇളയവളാണ് ഇറോം ശര്‍മിള. ചെറുപ്പത്തില്‍ ഡോക്ടര്‍ ആകാന്‍ ആഗ്രഹിച്ച ഇറോം അപ്രതീക്ഷിതമായാണ് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച സമരത്തിന്റെ നായികയായി മാറുന്നത്.അസം റൈഫിള്‍സ് നടത്തിയ വെടിവയ്പ്പില്‍ വിദ്യാര്‍ത്ഥികളടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറോം സമരം തുടങ്ങിയത്. 2000 നവംബര്‍ 2ന് മണിപ്പൂരിലെ മാലോമിലാണ് ഇറോം നിരാഹാര സമരം തുടങ്ങിയത്. സമരം തുടങ്ങുമ്പോള്‍ 28 വയസായിരുന്നു അവരുടെ പ്രായം. അഫ്‌സ്പ പിന്‍വലിക്കുന്നത് വരെ ആഹാരം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത ഇറോം ലക്ഷ്യം നേടുന്നത് വരെ മുടി ചീകുകയോ കണ്ണാടിയില്‍ നോക്കുകയോ ചെയ്യില്ലെന്നും പ്രഖ്യാപിച്ചിരുന്നു.
2014 ഓഗസ്റ്റില്‍ ഇറോമിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചിരുന്നെങ്കിലും നിരാഹാരം അവസാനിപ്പിക്കാന്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം വീണ്ടും അറസ്റ്റ് ചെയ്തു. 2014ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിവിധ പാര്‍ട്ടികള്‍ ഇറോമിനെ ക്ഷണിച്ചിരുന്നെങ്കിലും അവര്‍ തയ്യാറായില്ല.