അരുണാചല്‍ മുന്‍ മുഖ്യമന്ത്രി കലിഖോ പുല്‍ തൂങ്ങിമരിച്ചനിലയില്‍

single-img
9 August 2016

kalikho-pul_650x400_71468495819അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിഖോ പുലിനെ ആത്മഹത്യ ചെയത് നിലയില്‍ കണ്ടെത്തി. ഇറ്റാനഗറിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കടുത്ത മാനസിക സംഘര്‍ഷം പുല്‍ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ആത്മഹത്യയെന്ന് കരുതുന്നു. ഇന്ന് രാവിലെ എട്ട് മണിക്കും ഒമ്പതിനും മധ്യേയായിരുന്നു മരണമെന്ന് സൂചനയുണ്ട്.

22 വയസില്‍ എംഎല്‍എ ആയിരുന്നു ഇദ്ദേഹം. നബാം തുക്കിമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ബി.ജെ.പിയുമായി ചേര്‍ന്ന് വിമത നീക്കം നടത്തിയത്. 2016 ഫിബ്രവരി 16 ന് മുഖ്യമന്ത്രി പദത്തിലെത്തിയ അദ്ദേഹം നാലരമാസം ഭരണത്തില്‍ തുടര്‍ന്നു. പുളിന്റെ നേതൃത്വത്തില്‍ വിമതര്‍ പിന്നീട് അരുണാചല്‍പ്രദേശ് പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേരുകയും തുടര്‍ന്ന് ബി.ജെ.പിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിക്കുകയുമായിരുന്നു.2016 ജൂലായില്‍ സുപ്രീം കോടതി വിധിയ്ക്കുപിന്നാലെയാണ് രാജിവച്ചത്. വിഷാദ രോഗത്തിന് അടിമയായിരുന്നു ഇദ്ദേഹമെന്നും വിവരങ്ങളുണ്ട്.

1995ല്‍ ആദ്യമായി നിയമസഭയില്‍ എത്തിയ പുല്‍ മുക്ത മിത്തി സര്‍ക്കാരില്‍ ധനവകുപ്പ് കൈകാര്യം ചെയ്തു. 13 വര്‍ഷത്തോളം അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി കാര്യ എക്‌സിക്യൂട്ടീവ് അംഗമായും ഏഴു വര്‍ഷം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.