വേണ്ടത് സമഗ്രമായൊരു പ്രവാസി നയം

Tight-Lines_Dubai-Labor-Campപ്രവാസവും പ്രവാസജീവിതവും മലയാളിയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നൊരു പാരമ്പര്യമാണ്. ചന്ദ്ര‌നില്‍ ചെന്നാലും ഒരു മലയാളിയെ കാണാം എന്ന ചൊല്ല് അങ്ങനെ രൂപപ്പെട്ടതാണ്. ദശലക്ഷങ്ങള്‍ വരുന്ന മലയാളി പ്രവാസികളില്‍ ഭൂരിപക്ഷവും ഗള്‍ഫിലാണുള്ളത്. അതിനാല്‍ അവിടുത്തെ രാഷ്ട്രീയവും സാമ്പത്തികവുമായ ചെറുചലനങ്ങള്‍ പോലും ഇങ്ങു കേരളത്തില്‍ വലിയ അലകളുണ്ടാക്കും.

 

ഇപ്പോള്‍ അഞ്ചുലക്ഷത്തിലേറെ മലയാളി പ്രവാസികളുള്ള സൗദി അറേബ്യയിലെ ചില നിര്‍മാണ കമ്പനികള്‍ സാമ്പത്തികപ്രതിസന്ധിമൂലം പ്രവര്‍ത്തനം നിര്‍ത്തിവെച്ചത് പതിനായിരക്കണക്കിന് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. പല പ്രമുഖ കമ്പനികളും വിദേശ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. രണ്ടും മൂന്നും പതിറ്റാണ്ടുകള്‍ കമ്പനിക്കുവേണ്ടി പണിയെടുത്ത് ഒരു പ്രഭാതത്തില്‍ മാസങ്ങളുടെ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ലഭിക്കാതെ കുടിയിറങ്ങേണ്ട ദുരിതത്തിലാണ് മലയാളികളടക്കമുള്ള ആയിര ക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍. ഗവണ്‍മെന്‍റില്‍ നിന്ന് കരാറുകളും ഫണ്ടും നിലച്ചതും സാമ്പത്തികമാന്ദ്യംമൂലം സ്വകാര്യ കരാറുകള്‍ കുറഞ്ഞതുമാണ് വന്‍കിട കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത്.

 

അന്‍പതിനായിരത്തിലേറെ തൊഴിലാളികള്‍ പണിയെടുക്കുന്ന വലിയ വലിയ കമ്പനികളാണ് അപ്രതീക്ഷിതമായി അടച്ചുപൂട്ടുന്നത്. ജിദ്ദയിലെ തൊഴിലാളി ക്യാമ്പുകളില്‍ മൂവായിരത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ ഭക്ഷണം പോലും കിട്ടാതെ നരകിച്ചതും അവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ഭക്ഷണം വിതരണം ചെയ്തതും പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്. ക്യാമ്പുകളില്‍ വൈദ്യുതിയും വെള്ളവും മുടങ്ങി. ഗതികെട്ട തൊഴിലാളികള്‍ തെരുവിലിറങ്ങി ഗതാഗതം മുടക്കി പ്രക്ഷോഭത്തിനൊരുങ്ങിയതോടെയാണ് വിഷയം പുറംലോകമറിയുന്നതും അധികൃതരുടെ ഇടപെടലുണ്ടാകുന്നതും. ഇപ്പോള്‍ പ്രവാസി സന്നദ്ധസംഘടനകളാണ് ഇവരെ പട്ടിണിക്കിടാതെ നോക്കുന്നത്. സഹായപദ്ധതി ഇന്ത്യന്‍ അധികൃതര്‍ ഏറ്റെടുക്കണമെന്നും ആനുകൂല്യങ്ങള്‍ കമ്പനിയില്‍നിന്നു വാങ്ങി നല്‍കാന്‍ ധാരണയുണ്ടാക്കി ഇന്ത്യക്കാരെ നാട്ടിലത്തെിക്കണ മെന്നുമാണ് പ്രവാസികളുടെ ആവശ്യം.

 

സൗദിയിലെ പ്രശ്നങ്ങള്‍ ഇപ്പോള്‍ പൊട്ടിമുളച്ചതല്ല. നിതാഖത് വരികയും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ വരികയും ചെയ്തതോടെ പ്രശ്നങ്ങള്‍ തുടങ്ങിയതാണ്. നിതാഖത് ബാധിക്കുക മിഡില്‍ ലെവലിലുള്ള ആളുകളെ മാത്രമായിരിക്കും എന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടത്. തൊഴിലാളികളെ ഇത് ഒരു തരത്തിലും ബാധിക്കില്ല എന്ന മുന്‍വിധിയ്ക്ക് കാരണം സൌദിക്കാര്‍ ഒരിക്കലും ആ മേഖലയിലെ ജോലികളില്‍ പ്രവേശിക്കാന്‍ താത്പര്യം പ്രകടിപ്പിക്കില്ല എന്ന വിശ്വാസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മറിച്ചാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.
എണ്ണവിലയില്‍ വന്ന വ്യത്യാസം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഗള്‍ഫിലെ കണ്‍സ്ട്രക്ഷന്‍ മേഖലയെയാണ്. എണ്ണവിലയില്‍ ഇടിവു വന്നതോടുകൂടി കണ്‍സ്ട്രക്ഷന്‍ മേഖലയിലെ കരാറുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു. അവിടങ്ങളിലെ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് തന്നെ സര്‍ക്കാര്‍ നല്‍കുന്ന കരാറുകള്‍ കൊണ്ടാണ്. അങ്ങനെയുള്ള കരാറുകള്‍ പിന്‍വലിക്കപ്പെടുകയോ മരവിപ്പിക്കുകയോ ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്. സൌദിയില്‍ ഏകദേശം 10000 പെര്‍ തൊഴില്‍ രഹിതരായി നില്‍ക്കുന്ന അവസ്ഥയാണ്‌ ഇപ്പോള്‍ ഉള്ളത്. അത് കൂടാനാണ് സാദ്ധ്യത.
എണ്ണ വിപണിയില്‍ ഇറാഖ്, ഇറാന്‍ തുടങ്ങി മുന്‍പ് സജീവമല്ലാതിരുന്ന രാജ്യങ്ങളുടെയും റഷ്യയുടെയും ശക്തമായ കടന്നുവരവ് ഗള്‍ഫ് എണ്ണയുടെ മൂല്യം വളരെയേറെ താഴ്ത്തിയിരിക്കുകയാണ്. അത് ഇനിയും താഴേക്കു പോകാന്‍ തന്നെയാണ് സാധ്യത. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് നിര്‍മ്മാണമേഖലയെത്തന്നെയാണ്. ഇവിടങ്ങളിലെ തൊഴിലാളികളുടെ 45ശതമാനവും ഈ മേഖലയില്‍ തന്നെയാണ് എന്നതിനാല്‍ ഈ പ്രതിസന്ധി വളരെ ഗുരുതരമായിരിക്കും.
പെട്രോളിയവുമായി ബന്ധപ്പെട്ട മേഖലകളിലുള്ള തൊഴിലാളികളെ പിരിച്ചുവിടാന്‍ തന്നെയാണ് സാധ്യത. ടൂറിസം, ട്രാന്‍സ്പോര്‍ട്ട്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകാനിടയുണ്ട്. കേരളത്തെ ഇത് വലിയ തോതില്‍ ബാധിക്കുമെന്നതില്‍ സംശയം വേണ്ട.
ഇങ്ങനെ മടങ്ങി വരുന്ന പ്രവാസികള്‍ക്കുവേണ്ടി സമഗ്രമായ ഒരു പ്രവാസി നയം രൂപീകരിക്കേണ്ട ആവശ്യകത ഉണ്ട്. മുന്‍പ് കുവൈറ്റ് യുദ്ധകാലത്ത് എഴുപതിനായിരത്തോളം പേര്‍ അവിടെ നിന്നു മടങ്ങിയെത്തിയ സംഭവം അനുഭവപാഠമായി മുന്നിലുണ്ടെങ്കിലും അന്നത്തേതില്‍ നിന്നും വ്യത്യസ്തമാണ് സാഹചര്യങ്ങള്‍.
കേരളത്തില്‍ ഒട്ടനവധി കുടുംബങ്ങളുടെ പ്രധാന വരുമാന സ്രോതസ് പ്രവാസികള്‍ അയക്കുന്ന പണം ആണ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത് നിലയ്ക്കുന്നത് കുടുംബ ബജറ്റിനെയാകെ താളം തെറ്റിക്കും. കുട്ടികളുടെ വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ ചികിത്സ, വിവിധ ലോണുകള്‍ എന്നിങ്ങനെ ബാധ്യതകള്‍ വര്‍ദ്ധിക്കുന്നതോടെ പ്രശ്നങ്ങള്‍ ഇരട്ടിയാകും.
ഈ പ്രശ്നങ്ങളെയെല്ലാം വിലയിരുത്തി പ്രവാസിക്ഷേമത്തിനായി സമഗ്രമായൊരു നയവും കര്‍മ്മപരിപാടിയും രൂപീകരിക്കുകയാണ് കേരളത്തിന് അടിയന്തരമായി ചെയ്യാനുള്ളത്. ഒരുപാട് നാളുകള്‍ നമുക്ക് അന്നം നല്കിയ പ്രവാസിയോടുള്ള നമ്മുടെ കടമയായി അതിനെ കാണണം.

 

unnamedസ്വാമി ഗുരുരത്നം ജ്ഞാനതപസ്വി:ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറിയാണ് ലേഖകൻ. രാജ്യത്തുടനീളം ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു