സഞ്ചാരികള്‍ക്ക് വിസമയ കാഴ്ചകള്‍ സമ്മാനിച്ച് കുട്ടിക്കാനം.

single-img
2 August 2016

4738934388d9d2acbb20c0ce6a6570b9_1390663304_l

സഞ്ചാരികള്‍ക്ക് വിസമയ കാഴ്ചകള്‍ സമ്മാനിക്കുന്ന ഇടുക്കി ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് മഞ്ഞു മൂടിയ മലനിരകള്‍ കൊണ്ട് സമ്പന്നമായ കുട്ടിക്കാനം. കോട്ടയം- കുമളി റോഡില്‍ പീരുമേടിന് സമീപമായാണ് കുട്ടിക്കാനം.

സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 3,500 അടി ഉയരെയായി മേഘങ്ങള്‍ തൊട്ട് തലോടുന്ന മലനിരകളും കടുത്ത വേനല്‍ കാലത്തും ഒഴിയാത്ത കോടമഞ്ഞും കണ്ണെത്താദൂരത്തോളം പടര്‍ന്ന് കിടക്കുന്ന തെയില തോട്ടങ്ങളും അഴകേറ്റുന്ന കുട്ടിക്കാനത്തിന് ചരിത്രപരമായും ഏറെ പ്രാധാന്യമുണ്ട്. തിരുവതാംകൂര്‍ രാജ കുടുംബത്തിന്‍റെ വേനല്‍കാല കൊട്ടാരം കുട്ടിക്കാനത്തായിരുന്നു. ചരിത്രപ്രധാനമായ നിരവധി ചര്‍ച്ചകള്‍ക്കാണ് ഈ കൊട്ടാരം വേദിയായിട്ടുള്ളത്. കേരളത്തില്‍ തന്നെ ആദ്യമായി കാപ്പി കൃഷി ആരംഭിച്ച സ്ഥലങ്ങളില്‍ ഒന്ന് കുട്ടിക്കാനമായിരുന്നു.

ചങ്ങനാശേരി രാജകുടുംബത്തിന്‍റെ അധീനതയിലായിരുന്ന കുട്ടിക്കാനവും പീരുമേടും 1976ല്‍ തിരുവതാംകൂര്‍ ചങ്ങനാശേരിയെ കീഴടക്കിയതോടെയാണ് തിരുവതാംകൂര്‍ രാജവംശത്തിന്‍റെ നിയന്ത്രണത്തിലായത്. ഇതിന് ശേഷം ക്രൈസ്തവ സുവിശേഷകനായ ഹെന്‍‌റി ബേക്കറാണ് കുട്ടിക്കാനത്തിന്‍റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഇവിടെ ആദ്യമായി കാപ്പി കൃഷി ആരംഭിച്ചത്. എന്നാല്‍ ശീമൂലം തിരുനാളിന്‍റെ ഭരണകാലത്ത് ഇവിടെ കാപ്പിക്ക് പകരം തെയില കൃഷി ചെയ്തു തുടങ്ങി ഇതു തന്നെയാണ് ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്നത്.

തിരുവതാംകൂറിന്‍റെ ആദ്യ പൊതുമേഖലാ കമ്പനി നിലവില്‍ വന്നതും ഇവിടെയായിരുന്നു. കാനാന പാതയിലൂടെ റോഡ് ഗതാഗത ദുഷ്കരമായിരുന്ന കാലത്ത് ഇതിന് പ്രതിവിധി എന്നോണം അവതരിപ്പിച്ച റോപ്പ് വേ സംവിധാനമായ ഏരിയല്‍ റോപ്പ് വേ ലിമിറ്റഡാണ് തിരുവതാംകൂര്‍ ഭരണകൂടം സ്ഥാപിച്ച ആദ്യ പൊതുമേഖലാ സ്ഥാനം. ബ്രിട്ടീഷ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് തയാറാക്കിയത്. എന്നാല്‍ ഈ കമ്പനി അധികകാലം നിലനിന്നില്ല.

പീന്നീട് കാലക്രമത്തില്‍ വിദ്യഭ്യാസ, ആരോഗ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ആധനിക സൌകര്യങ്ങളും ഇവിടെ വളര്‍ന്നു വന്നു. ഇതോടൊപ്പം സമൂഹത്തിലെ ഉന്നതരുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രം എന്ന പെരുമ കുട്ടിക്കാനം എല്ലാ കാലത്തും നിലനിര്‍ത്തി പോരുകയും ചെയ്തു.