തൊഴിൽ നഷ്‌ടപ്പെട്ട് സൗദിയിൽ കുടുങ്ങിയത് മൂന്നുറോളം മലയാളികൾ;ഇന്ത്യക്കാർക്ക് എല്ലാവിധ സഹായവും നൽകുമെന്ന് സൗദിയുടെ ഉറപ്പ്

single-img
2 August 2016

Tight-Lines_Dubai-Labor-Camp

തൊഴിൽ നഷ്‌ടപ്പെട്ട് സൗദി അറേബ്യയിൽ കുടുങ്ങിയിരിക്കുന്നത് മുന്നൂറോളം മലയാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോർക്കയ്ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് സൗദിയിലുള്ള മലയാളികളുടെ എണ്ണം സ്‌ഥിരീകരിച്ചത്. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാർക്ക് എല്ലാവിധ സഹായവും നൽകുമെന്ന് സൗദി അറേബ്യൻ സർക്കാർ ഉറപ്പു നൽകിയതായി വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ. സൗദി സ്‌ഥാനപതി ഡോ. സൗദ് ബിൻ മുഹമ്മദ് അൽ സതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സൗകര്യം ചെയ്യാമെന്നും സൗദി വാഗ്ദാനം ചെയ്തായും വിദേശകാര്യ സഹമന്ത്രി അറിയിച്ചു.

ഇന്ത്യക്കാരുടെ ശമ്പള കുടിശിഖ ലഭിക്കണം, നാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സൗകര്യം ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് ഇന്ത്യ ഉന്നയിച്ചത്. ആയിരക്കണക്കിന് ഇന്ത്യക്കാരാണു ജോലി നഷ്‌ടപ്പെട്ടതിനെത്തുടർന്ന് സൗദി അറേബ്യയിൽ കുടുങ്ങിയിരിക്കുന്നത്. ഇവരെ തിരികെ ഇന്ത്യയിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം ശ്രമിച്ചുവരിക യാണ്.