വൈറ്റ് സ്റ്റൈലിഷാണ്

white-movie-first-look-malayalam-mammootty-1000x509

ആദ്യ പോസ്റ്ററില്‍ തന്നെ പ്രേകഷകന്റെ മനം കവര്‍ന്ന ചിത്രമാണ് വൈറ്റ്.  എന്നാല്‍ ചിത്രം കണ്ടിറങ്ങുമ്പോഴേക്കും പ്രേക്ഷകര്‍ക്ക് വേണ്ടത്ര സംതൃപ്തി നല്‍കുന്നില്ല എന്നു തന്നെ പറയാം.    മമ്മൂട്ടിയുടെയും ബോളിവുഡ് സുന്ദരി ഹുമ ഖുറേഷിയുടെയും സൗന്ദര്യവുമല്ലാതെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തില്‍ ഒന്നു തന്നെ ചിത്രത്തില്‍ ഇല്ല.  ലണ്ടന്‍  പശ്ചാത്തലമാക്കി ഒരുക്കിയ  പ്രണയ ചിത്രത്തിന്റെ തുടക്കത്തില്‍  ചില സര്‍പ്രൈസ് കാര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും  സിനിമയുടെ ഒഴുക്കിന് വേഗം കൂടിയപ്പോള്‍  കഥ  എവിടെയും എത്താതെ പോയി.

അന്യരാജ്യത്ത് ഷൂട്ട് ചെയ്തു എന്നതു കൊണ്ടു മാത്രം സിനിമയ്ക്ക് പ്രത്യേക ഭംഗി വരണമെന്നില്ല. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് ലണ്ടനിലാണ്. ലണ്ടന്റെ സൗന്ദര്യം പൂര്‍ണമായും ഒപ്പിയെടുക്കുവാന്‍ സിനിമയ്ക്ക് സാധിച്ചിട്ടില്ല. റോഷ്ണി മേനോന്‍( ഹുമ ഖുറേഷി) ടി സി എസില്‍ ജോലി ചെയ്യുന്ന സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍, ഓവര്‍ സീസിന്റെ അസൈന്‍മെന്റിന്റെ ഭാഗമായി ലണ്ടനിലെത്തി പ്രകാശ് റോയ് (മമ്മൂട്ടി) എന്ന ബിസിനസ്സുകാരനെ കണ്ടുമുട്ടുന്നതോടെയാണ് സംവിധായകന്‍ ഉദ്ദേശിച്ച പ്രണയത്തിന്റെ തുടക്കം.

തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങള്‍ക്കും ഒരു കാരണമുണ്ടെന്ന് വിശ്വസിക്കുന്ന റോഷ്‌നി ബാംഗ്ലൂരിലെ കമ്പനിയില്‍ നിന്നും ലണ്ടനിലേക്ക് പോകുന്നത് ഏറെ പ്രതീക്ഷകളുമായിട്ടാണ്. ദീര്‍ഘകാല ജീവിതാനുഭവങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളില്‍ നിന്നും അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ നിന്നും എന്തും ചടുലമായി നേരിടുന്നവനാണ് പ്രകാശ് റോയ്. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കുന്ന റോയിയുടെ നഷ്ട പ്രണയത്തെ കുറിച്ചും സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നുണ്ട്.

ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് വിശ്വസിച്ചിറങ്ങിയ നായികയെ ജീവിതം പഠിപ്പിക്കലും ചെറിയ ചെറിയ വഴികളിലൂടെ സഞ്ചരിച്ച് നായകന്റെ ആരാധികയാക്കി മാറ്റുകയും പാവങ്ങളെ സഹായിക്കുകയുമൊക്കെയാണ് നായകന്റെ സ്ഥിരം ജോലി. സിനിമയില്‍ പറയാന്‍ ഉദ്ദേശിക്കുന്ന പ്രണയ കഥ വളരെ ലളിതമാണ്. എന്നാല്‍ പ്രവീണ്‍ ബാലകൃഷ്ണന്‍ , നന്ദിനി വല്‍സന്‍, ഉദയ് അനന്തന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെ സമീപിച്ചപ്പോള്‍ പ്രേക്ഷകരെ മറന്നു പോയി എന്നു തന്നെ പറയാം. മമ്മൂട്ടി എന്ന നടന്റെയും ബോളുവുഡ് സുന്ദരി ഹുമ ഖുറേഷിയുടെയും കഴിവിനെ ഉപയോഗിക്കുന്നതിന് പകരം അവരുടെ സ്‌റ്റൈലിനെ ആഘോഷിക്കുകയാണ് സിനിമ.

ആദ്യ പകുതിയിലെ ഡയലോഗുകളില്‍ റിയലിസ്റ്റിക് ടച്ച് ഉണ്ടായിരുന്നെങ്കില്‍ പോലും പറഞ്ഞു വച്ച പലതിനെയും അവസാനം ബന്ധിപ്പിക്കാന്‍ സിനിമയ്ക്ക് സാധിച്ചില്ല. സിനിമയുടെ ആദ്യ പകുതിയും രണ്ടാം പകുതിയും പതിഞ്ഞ താളത്തിലാണ് നീങ്ങുന്നത്. രണ്ടാം പകുതിയില്‍ പ്രേക്ഷകരെ ബോറടിപ്പിക്കുന്ന തരത്തിലുള്ള ഫിലോസിഫിക്കാണ് പ്രാധാന്യം നല്‍കുന്നത്.

മമ്മൂട്ടിക്ക് പുറമെ സുന്ദരമായ കഥാപാത്രങ്ങള്‍ വേറെയും ചിത്രത്തിലുണ്ട്. ശങ്കര്‍ രാമകൃഷ്ണന്‍ അവതരിപ്പിച്ച അജ്മല്‍ ഡെഡ്‌ലൈനുകളെ കുറിച്ചും ഓവര്‍ ടൈമുകളെ കുറിച്ചും നായികയെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. തൊഴിലിടങ്ങിളില്‍ കരുണയില്ലാതെ പെരുമാറുന്ന അയാള്‍ സ്വകാര്യ ജീവിതത്തില്‍ സ്‌നേഹഭരിതനും ത്യാഗ സന്നദ്ധനുമാണ്. ബോസിന്റെ ജീവിതം കണ്ടാണ് നായികയ്ക്ക് പ്രകാശ് റോയിയെ ഒരിക്കലും പിരിയാന്‍ കഴിയില്ലെന്ന തിരിച്ചറിവുണ്ടാകുന്നതെന്ന് ചിത്രത്തില്‍ പറയുന്നുണ്ട്. ഈ തിരിച്ചറിവ് സംവിധായകന്‍ ഉദ്ദേശിച്ചതു പോലെ പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്. ഇതുപോലെ നാട്ടിലെ ബന്ധുക്കള്‍ എന്നു പറഞ്ഞ് സിദ്ധിഖിന്റെ ഫോണ്‍ കോളുകള്‍ ഇടയ്ക്കിടെ വരുന്നത് ചിത്രത്തില്‍ കാണിക്കുന്നു. എന്നാല്‍ അവസാന ഭാഗത്തും ബന്ധുക്കളെയെല്ലാം സിനിമയില്‍ കാണാന്‍ കഴിയുന്നുണ്ട്. ബന്ധുക്കള്‍ എന്നു പറഞ്ഞ് അവതരിപ്പിക്കുന്നവര്‍ക്ക് പ്രകാശ് റോയിയുമായുള്ള ബന്ധമെന്താണെന്ന് വ്യക്താകുന്നില്ല. ലോജിക്കല്‍ അല്ലാത്ത പല സന്ദര്‍ഭങ്ങളും സിനിമയില്‍ കാണാം.

സിനിമയിലെ ഇനിയുമൊരു വേനലില്‍ എന്ന വിജയ് യേശുദാസ് പാടിയ ഗാനം പ്രേക്ഷകര്‍ക്ക് ഏറ്റെടുത്തതാണ്. എന്നാല്‍ സിനിമയിലെ പശ്ചാത്തല സംഗീതം പ്രേക്ഷകരുടെ കാതടപ്പിക്കുന്ന തരത്തിലുള്ളതാണ്. മമ്മൂട്ടിയുടെ സൗന്ദര്യവും സ്റ്റൈലിഷ് വേഷങ്ങളും ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സിനിമ നിരാശ നല്‍കില്ല.