കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് ബന്ധം വിടുന്നു; നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ തീരുമാനം

single-img
1 August 2016

K-M-Mani--and-P-J-Joseph.jpg.image.784.410കെ.എം മാണിയെ അനുനയിപ്പിക്കാനുള്ള യു.ഡി.എഫ് ശ്രമം പാളുന്നു. പാര്‍ട്ടിയില്‍ ഒരു പ്രത്യേക ബ്ലാക്കായിരിക്കാന്‍ തത്വത്തില്‍ തീരുമാനം. തീരുമാനത്തിന് ജോസഫ് വിഭാഗത്തിന്റെ പിന്തുണയും മാണിക്കുണ്ട്. പാര്‍ട്ടിയുടെ നിലപാട് ചരല്‍ക്കുന്നില്‍ പ്രഖ്യാപിക്കുമെന്ന് മാണി യു.ഡി.എഫ് നേതാക്കളെ അറിയിച്ചു. ചെന്നിത്തലയെ പ്രതിപക്ഷ നേതാവായിരിക്കുന്നിടത്തോളം കോണ്‍ഗ്രസുമായി സഹകരിക്കാനില്ലെന്ന് നിലപാടിലാണ് കെഎം മാണി. പിളര്‍പ്പ് ഒഴിവാക്കാന്‍ പിജെ ജോസഫുമായി ചര്‍ച്ച നടത്തി.

പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി വ്യക്തമാക്കി. പാര്‍ട്ടിയില്‍ ഏകാഭിപ്രായമാണുള്ളതെന്നും മാണി പറഞ്ഞു.മാണിയെ അനുനയിപ്പിക്കാന്‍ ഇടപെടണമെന്നു ലീഗ്‌നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ലീഗിനോടും കുഞ്ഞാലിക്കുട്ടിയോടുമുള്ള കെ.എം.മാണിയുടെ ആഭിമുഖ്യം അനുരഞ്ജനത്തിലേക്ക് വഴിതെളിയിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍, കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ധ്യാനത്തിനായി കെ.എം മാണി പോയിരിക്കുകയാണ്.

ഉഭയകക്ഷി ചര്‍ച്ചകളില്‍ സൗകര്യം ഉണ്ടെങ്കില്‍ പങ്കെടുക്കുമെന്നും ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും മാണി നേരത്തെ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് ഒറ്റുകാരുടെ കൂട്ടമാണെന്നും കപട സൗഹാര്‍ദ്ദം കാട്ടി ബാര്‍ കോഴ നാടകത്തില്‍ വേഷമിട്ടവര്‍ക്ക് യോജിക്കുന്നത് ബ്രൂട്ടസിന്റെ വേഷമാണെന്നും പ്രതിച്ഛായയിലെ ലേഖനത്തില്‍ വിമര്‍ശിച്ചിരുന്നു. ബിജു രമേശിന്റെ മകളുടെ വിവാഹത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

യു.ഡി.എഫില്‍ നിന്നും മാണി വിടുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ എന്‍.ഡി.എയിലേക്ക് സ്വാഗതമോതി കുമ്മനം രാജശേഖരന്‍ എത്തിയിരുന്നു. ജോസ് കെ.മാണിക്ക് കേന്ദ്രസഹമന്ത്രിപദവും മാണിക്ക് ഗവര്‍ണര്‍ സ്ഥാനവും നല്‍കാമെന്ന വാഗ്ദാനം എന്‍.ഡി.എ മുന്നണിയില്‍നിന്ന് ലഭിച്ചത് തിരക്കുപിടിച്ച നീക്കങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്ന് അറിയുന്നു.