എന്റെ പുരസ്‌കാരം ലക്ഷക്കണക്കിന് തോട്ടികള്‍ക്കുള്ളത്; മഗ്‌സസെ ജേതാവ് പറയുന്നു

bezwada-wilson-featured-imageജന്മ കൊണ്ട് തോട്ടിപ്പണി ചെയ്യാന്‍ വിധിക്കപ്പെട്ടവരുടെ രക്ഷകനാണ് ഇത്തവണത്തെ മാഗ്‌സസെ പുരസ്‌കാരജേതാവ്. ഈ ആധുനികയുഗത്തിലും ഇന്ത്യയില്‍ പതിനായിരങ്ങളാണ് തോട്ടിപ്പണി ചെയ്യുന്നതെന്ന വസ്തുത അവിശ്വസനീയതയോടെയാണ് പുറം ലോകം കേള്‍ക്കുക, എന്നാല്‍ ബെസ്‌വാദാ വില്‍സന് അത് കണ്‍മുന്നിലെ യാഥാര്‍ത്ഥ്യമാണ്. കാരണം അദ്ദേഹം ഒരു തോട്ടിയുടെ മകനാണ്. അതിന്റെ അപമാനം തന്റെ വിദ്യാഭ്യാസകാലത്തുടനീളം അനുഭവിച്ചിട്ടുമുണ്ട്.
”ചവിട്ടി നില്‍ക്കുന്ന മണ്ണ് നഷ്ടപ്പെടുമെന്നുറപ്പാകുമ്പോള്‍ നിങ്ങള്‍ക്കു മുന്നില്‍ രണ്ടേ രണ്ടു വഴികളേ ഉള്ളു. ഒന്നുകില്‍ വിധിക്ക് കീഴടങ്ങുക, അല്ലെങ്കില്‍ പോരാടുക. രണ്ടാമത്തേതാണ് ഞാന്‍ തിരഞ്ഞെടുത്തത്. ” വില്‍സണ്‍ പറയുന്നു. കഴിഞ്ഞ 32 വര്‍ഷമായി വില്‍സന്‍ എന്ന 51-കാരന്‍ പൊരുതുകയാണ്, തോട്ടികളെയും തൊഴിലിന്റെ പേരില്‍ പ്രാന്തവത്കരിക്കപ്പെട്ടവരെയും സ്വതന്ത്രരാക്കാന്‍. സര്‍ക്കാര്‍ നിയമപ്രകാരം നിരോധിച്ച തോട്ടിപ്പണി ചെയ്യാന്‍ വിധിക്കപ്പെട്ടവര്‍, തൊഴിലിന്റെ പേരില്‍ പൊതുസമൂഹത്തില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നവര്‍ അവരെല്ലാം വില്‍സന്റെ സഫായി കര്‍മചാരി ആന്ദോളന്റെ കൂടക്കിഴീല്‍ അണി നിരന്നു. ആറു ലക്ഷത്തിലധികം ദളിതരെയാണ് തോട്ടിപ്പണിയില്‍ നിന്നും കര്‍മചാരി ആന്ദോളന്‍ സ്വതന്ത്രരാക്കിയത്. ഇന്നും അതു തുടരുന്നു. ജാതിവ്യവസ്ഥയിലധിഷ്ഠിതമായ തോട്ടിപ്പണിയ്‌ക്കെതിരെയുള്ള വില്‍സന്റെ പോരാട്ടത്തിനുള്ള അംഗീകാരമാണ് ഈ വര്‍ഷത്തെ മാഗ്‌സസെ പുരസ്‌കാരം.
പുരസ്‌കാരാര്‍ഹനായ വിവരം മാഗ്‌സസെ സമിതി അധികൃതര്‍ക്ക് വില്‍സണെ വിളിച്ചറിയിക്കാന്‍ ഒരാഴ്ച കഷ്ടപ്പെടേണ്ടി വന്നു. ആ സമയം മൊബേല്‍ റേഞ്ചു പോലും ഇല്ലാത്ത കുഗ്രാമങ്ങളില്‍ സംഘടനാ പ്രവര്‍ത്തനങ്ങളിലായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 21 ന് ഫിലീപ്പീന്‍സിന്റെ തലസ്ഥാനനഗരിയായ മനിലയില്‍ നടക്കുന്ന ചടങ്ങില്‍ വില്‍സണ്‍ പുരസ്‌കാരമേറ്റു വാങ്ങുമ്പോള്‍ അത് കാലാകാലങ്ങളായി രാജ്യത്ത് നിലനില്‍ക്കുന്ന വര്‍ണവ്യവസ്ഥയ്‌ക്കെതിരെയുള്ള ഒരു താക്കീതുകൂടിയാകും. ഇതേ വേദിയില്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്ന മറ്റൊരു ഭാരതീയനാണ് കര്‍ണാടക സംഗീതജ്ഞനും സാമൂഹ്യപ്രവര്‍ത്തകനുമായ ടി.എം. കൃഷ്ണ.