ഗുജറാത്തില്‍ ദളിതുകളെ മര്‍ദിച്ചതിനെതിരെയുള്ള പ്രതിഷേധം ശക്തം;പ്രതിഷേധത്തിനിടെ ആത്മഹത്യക്ക് ശ്രമിച്ച ദളിത് യുവാവ് മരിച്ചു

single-img
1 August 2016

gujarat-dalit-protest-pti_650x400_71469968071ഗുജറാത്തിലെ ഉനയില്‍ പശുവിന്റെ തോലുരിച്ചെന്നാരോപിച്ച് ദളിതുകളെ മര്‍ദിച്ചതിനെതിരെ ആയിരക്കണക്കിന് ദലിതര്‍ മഹാറാലി നടത്തി. ഉന ദലിത് അത്യാചാര്‍ ലദാത് സമിതിയുടെ നേതൃത്വത്തിലാണ് മഹാസമ്മേളനം നടത്തിയത്. റാലിക്ക് മുസ്ലിം സമുദായത്തിന്റെ പിന്തുണയും ഉണ്ടായിരുന്നു.

അതേസമയം പശുവിന്റെ തോലുരിച്ചെന്നാരോപിച്ച് ദളിതുകളെ മര്‍ദിച്ചതിനെതിരെ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാക്കളിലൊരാള്‍ മരിച്ചു. യോഗേഷ് ഹിരാഭായ് സോളങ്കി (25) എന്ന ദളിത് യുവാവാണ് മരണത്തിന് കീഴടങ്ങിയത്. രാജ്‌കോട്ടില്‍ ചികിത്സയിലായിരുന്ന യോഗേഷിനെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദ് സിവില്‍ ആശുപത്രയിലേക്ക് മാറ്റിയിരുന്നു. പക്ഷെ മരണം സംഭവിക്കുകയായിരുന്നു.

ചത്ത കന്നുകാലികളെ നീക്കം ചെയ്യുന്ന പരാമ്പരാഗത തൊഴില്‍ ചെയ്യുന്നതില്‍ നിന്നും ദലിതര്‍ വിട്ടു നില്‍ക്കണമെന്ന് മഹാറാലിയില്‍ ആഹ്വാനം ചെയ്തു. നഗരങ്ങളിലെ അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതില്‍ നിന്നും മാന്‍ഹോളില്‍ ഇറങ്ങി വൃത്തിയാക്കുന്നതും ഇനി തങ്ങള്‍ ചെയ്യില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്ന് ദലിത് നേതാവും പരിപാടിയുടെ കണ്‍വീനറുമായ ജിഗ്നേശ് മേവാനി ആഹ്വാനം ചെയ്തു.

55 ഓളം ഗ്രാമങ്ങളിലായി ദലിതര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. 15,500 ത്തോളം കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് മേവാനി ചോദിച്ചു.