മായാവതിക്കെതിരായ പരാമര്‍ശം: ദയാശങ്കര്‍ സിങ് അറസ്റ്റില്‍

single-img
29 July 2016

Dayashankar-Singh-BJP-BSP_2016

മായാവതിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ബിജെപി എംപി ദയാശങ്കര്‍ സിങിനെ പൊലീസ് അറസ്റ്റു ചെയ്തു. ഒളിവിലായിരുന്ന ദയാശങ്കറിനെ ബിഹാറിലെ ബക്‌സറില്‍ നിന്നുമാണ് അറസ്റ്റു ചെയ്തത്. ഉത്തര്‍പ്രദേശ് പൊലീസിന്റേയും ബിഹാര്‍ പൊലീന്റേയും സംയുക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ദയാശങ്കര്‍ സിങിനെ അറസ്റ്റു ചെയ്തത്. ഒളിവിലാണെന്ന് പറഞ്ഞപ്പോഴും ഝാര്‍ഖണ്ഡിലെ ഒരു ക്ഷേത്രത്തില്‍ ദയാശങ്കര്‍ സിങ് ദര്‍ശനത്തിനെത്തിയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പ്രാദേശിക ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള സിങിന്റെ ചിത്രമായിരുന്നു ബുധനാഴ്ച പുറത്തുവന്നത്. ഇതിന്റെ പേരില്‍ ഉത്തര്‍പ്രദേശ് പൊലീസ് ഏറെ പഴികേട്ടിരുന്നു. തുടര്‍ന്നാണ് രണ്ട് ദിവസത്തിന് ശേഷം സിങിനെ അറസ്റ്റു ചെയ്തതായുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്.

ഒളിവില്‍ പോയ സിങ് ഝാര്‍ഖണ്ഡിലെ പ്രാദേശിക നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ശനിയാഴ്ച പുറത്തുവന്നിരുന്നു. ദിയോഗറിലെ പ്രസിദ്ധ ശിവ ക്ഷേത്രത്തില്‍ ബി.ജെ.പിയുടെ പ്രാദേശിക നേതാക്കള്‍ക്കൊപ്പം സന്ദര്‍ശനം നടത്തുന്ന ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തുവന്നത്.
അപകീര്‍ത്തി കേസില്‍ പൊലീസ് തെരയുന്ന എം.പി, ബി.ജെ.പി ഭരിക്കുന്ന ഝാര്‍ഖണ്ഡിലൂടെ സ്വതന്ത്രനായി നടക്കുകയാണെന്ന് ആര്‍.ജെ.ഡി നേതാവ് റാബ്രി ദേവി പ്രതികരിച്ചിരുന്നു.

വിവദപരാമര്‍ശങ്ങള്‍ക്ക് പിന്നാലെ ദയാശങ്കര്‍ സിങിനെതിരെ ബിജെപി നടപടി സ്വീകരിച്ചിരുന്നു. പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക പദവികളില്‍ നിന്നും ആറ് വര്‍ഷത്തേക്ക് പുറത്താക്കിക്കൊണ്ടുള്ള നടപടിയായിരുന്നു ബിജെപി സ്വീകരിച്ചത്.