ദുബായ്-കോഴിക്കോട് വിമാനത്തിൽവച്ച് ഐഎസിനെ കുറിച്ച് പ്രസംഗം: മലയാളി പിടിയിൽ

single-img
28 July 2016

IndiGo-Aircraft
ദുബായ്–കോഴിക്കോട് വിമാനത്തിൽ ഐഎസ് അനുകൂല പ്രസംഗം നടത്തിയ മലയാളിയെ സഹയാത്രിക്കർ കീഴ്പ്പെടുത്തി. സംഭവത്തെ തുടർന്ന് വിമാനം അടിയന്തരമായി മുംബൈയിൽ ഇറക്കി. ഇയാളെ സിഐഎസ്എഫ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. സഹയാത്രികർ നൽകുന്ന വിവരങ്ങൾ പ്രകാരം ഇയാൾ മലയാളിയാണ്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല. ഇയാളുടെ പേര് വിവരങ്ങളും ലഭ്യമായിട്ടില്ല. രാവിലെ 9.15 ഓടെയാണ് സംഭവം. ദുബായിൽ നിന്നും പുലർച്ചെ 4.25ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം പുറന്നുയർന്ന് അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് ഇയാൾ ഐഎസിനെയും ഇസ്ലാമിനെയും പുകഴ്ത്തി പ്രസംഗം തുടങ്ങിയത്.

9.50ന് കോഴിക്കോട്ട് എത്തേണ്ട വിമാനം സംഭവത്തെ തുടർന്ന് വൈകി. ഐഎസ് അനുകൂല പ്രസംഗം നടത്തിയ ആളെ മുംബൈയിൽ സിഐഎസ്എഫിന് കൈമാറിയ ശേഷം വിമാനം കോഴിക്കോട്ടക്ക് പുറപ്പെട്ടുവെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

ആദ്യം യാത്രക്കാർ ഇയാളോടെ മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ അക്രമാസക്‌തനായതോടെ സഹയാത്രിക്കരും വിമാന ജീവനക്കാരും ചേർന്ന് കീഴ്പ്പെടുത്തി വിമാനം മുംബൈയിൽ ഇറക്കുകയായിരുന്നു. വിമാനത്തിൽ ഭൂരിപക്ഷ യാത്രക്കാരും മലയാളികളായിരുന്നു.