എഴുത്തുകാരി മഹാശ്വേതാ ദേവി അന്തരിച്ചു

single-img
28 July 2016

mahasweta-devi.jpg.image_.784.410-642x336

പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവി (90) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നര മാസത്തോളമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അവര്‍. പദ്മവിഭൂഷണും മാഗ്‌സസെ പുരസ്‌കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവുമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

1926 ല്‍ ധാക്കയിലാണ് മഹാശ്വേത ജനിച്ചത്. പിതാവ് മനീഷ് ഘട്ടക് പ്രശസ്തനായ കവിയും നോവലിസ്റ്റുമായിരുന്നു. മാതാവ് ധരിത്രീദേവി എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായിരുന്നു. പിതാവിന്റെ ഇളയ സഹോദരനായിരുന്നു പ്രശസ്ത ചലച്ചിത്രകാരന്‍ ഋത്വിക് ഘട്ടക്. ധാക്കയിലായിരുന്നു മഹാശ്വേതാ ദേവിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. വിഭജനത്തിനു ശേഷം ബംഗാളിലെത്തിയ അവര്‍ ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ ഇംഗ്ലിഷ് ബിരുദത്തിനു ചേര്‍ന്നു. പിന്നെ കല്‍ക്കട്ട സര്‍വകലാശാലയില്‍നിന്ന് എംഎ പൂര്‍ത്തിയാക്കി. പ്രശസ്ത നാടകകൃത്തും ഇപ്റ്റയുടെ സ്ഥാപകരില്‍ ഒരാളുമായ ബിജോന്‍ ഭട്ടാചാര്യയെ വിവാഹം കഴിച്ചു. 1959 ല്‍ വിവാഹമോചനം നേടി. മകന്‍ നബാരുണ്‍ ഭട്ടാചാര്യ അറിയപ്പെടുന്ന നോവലിസ്റ്റാണ്.

കേരളവുമായും നല്ല ബന്ധത്തിലായിരുന്നു മഹാശ്വേതാ ദേവി. പ്രകൃതിസംരക്ഷണത്തിനായുള്ള പോരാട്ടങ്ങളില്‍ സാറാ ജോസഫ് അടക്കമുള്ളവര്‍ക്കൊപ്പം കേരളത്തില്‍ പ്രവര്‍ത്തിച്ചു. ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഭാര്യ കെ.കെ. രമയ്ക്ക് ആശ്വാസം പകരാനും അവരെത്തിയിരുന്നു. മുലമ്പിള്ളി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടമക്കുടി ഗ്രാമസംരക്ഷണമുന്നണിക്കും കാതിക്കുടം നിറ്റ ജലാറ്റിന്‍ കമ്പനിക്കെതിരെയുള്ള സമരത്തിനും മാള പൈതൃക സംരക്ഷണസമരത്തിനുമൊക്കെ പിന്തുണയുമായി മഹാശ്വേതാ ദേവി കേരളത്തിലെത്തിയിരുന്നു