മഴക്കാലയാത്ര ഇഷ്ടപ്പെടുന്നവരുടെ അറിവിലേക്കായി മികച്ച നാലു സ്ഥലങ്ങൾ കൂടി

aമഴക്കാലം ഇഷ്ടപ്പെടാത്തവരും ആസ്വദിക്കാത്തവരുമായി ആരും തന്നെ ഉണ്ടാവില്ല.മഴയുടെ മർമ്മരവും സംഗീതവുമെല്ലാം മനസിന് ഏറെ കുളിർമ പകരുന്നതാണ്. മഴക്കാലം ആസ്വദിക്കുവാൻ യാത്ര പുറപ്പെടുന്ന ആളുകളുടെ ഓർമയിലേക്കായി മികച്ച നാലു സ്ഥലങ്ങൾ കൂടി ഞങ്ങൾ പരിചയപെരുത്തുന്നു.

1.ചിറാപുഞ്ചി

മഴയുടെ ലോകതലസ്ഥാനം എന്നറിയപ്പെടുന്ന ചിറാപുഞ്ചിയാവട്ടെ മഴയാത്രയ്ക്കായി പുറപ്പെടുമ്പോൾ ആദ്യം നിങ്ങളുടെ മനസിലേക്ക് കടന്നുവരേണ്ടത്.മാനം തൊട്ടുനിൽക്കുന്ന മലനിരകളും,വളരുന്ന പാലങ്ങളും,മനോഹരമായ ജലപാതങ്ങളും,വിസ്മയിപ്പിക്കുന്ന ഗുഹകളും നിങ്ങൾക്ക് ഇവിടെ നിന്ന് കാണാനും ആസ്വദിക്കാനും കഴിയും.മഴക്കാലമായാൽ ഈ നാട് കൂടുതൽ സുന്ദരിയാകും. നൂലുപോലൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ ഇരമ്പിയർത്തെത്തുന്ന മഴയിൽ സടകുടഞ്ഞെഴുന്നേൽക്കും.മഴമേഘങ്ങളെ വരവേൽക്കുന്ന മലനിരകൾ കൂടുതൽ പച്ചപ്പ് എടുത്തണിയും.മനസിൽ മഴക്കാലത്തിന്റെ നല്ല ഓർമകൾ കാത്തുസൂക്ഷിക്കണമെങ്കിൽ തീർച്ചയായും ചിറാപുഞ്ചിയിലേക്ക് വരിക.തീർച്ചയായും നിങ്ങളുടെ മനസിനെ മഴയുടെ സംഗീതത്താൽ ഭാവസാന്ദ്രമാക്കുവാൻ ചിറാപുഞ്ചിക്ക് കഴിയും.

2.ചിന്നകല്ലാർ

മഴയെത്തുമ്പോൾ ചിന്നകല്ലാർ വെള്ളച്ചാട്ടത്തിന് ഗാംഭീര്യം കൂടും.ശൗര്യം കൂടി ഒഴുകിയെത്തുന്ന അതിന്റെ സൗന്ദര്യത്തിൽ മറ്റെല്ലാം നാം മറക്കും.വാൾപ്പാറയിൽ നിന്ന് പൊള്ളാച്ചി റോഡിൽ 12 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.മഞ്ഞു ചൂഴ്ന്ന് കിടക്കുന്ന മരക്കൂട്ടങ്ങളും മുളംകാടുകളും പുല്ലുവിരിച്ച കുന്നുകളും അഴകുചാർത്തുന്ന നാട്.ഈ മഴക്കാലത്തു ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയും വാൽപ്പാറയും പിന്നിട്ട് തേയിലത്തോപ്പുകളും ജലപാതങ്ങളും സുന്ദരമാക്കുന്ന വഴിയിലൂടെ ചിന്നകല്ലാറിലേക്ക് പോകാം.മഴയുടെ കാഴ്ചകൾ കൺനിറയെ ആസ്വദിക്കാം.

3.നേര്യമംഗലം

മഴയുടെ കുളിർമ പെയ്തിറങ്ങുന്ന ഹൈറേഞ്ചിന്റെ കവാടം നേര്യമംഗലത്തേക്ക് ആവട്ടെ ഈ മഴക്കാലയാത്ര.ഈ മൺസൂണിൽ ദൂരെ നാടുകളിലേക്ക് പോകാൻ മടിക്കുന്നവർ കല്ലാർകുട്ടി-നേര്യമംഗലം പാത തിരഞ്ഞെടുക്കാം.എണ്ണിയാലൊതുങ്ങാത്ത സുന്ദരദൃശ്യങ്ങൾ ഇവിടെ നിങ്ങളെയും കാത്തിരിക്കുന്നുണ്ട്.ചെകുത്തായ മലയും ഇടതൂർന്ന വനവും ഉടനീളം പ്രത്യക്ഷപ്പെടുന്ന വെള്ളച്ചാട്ടങ്ങളും നിങ്ങൾക്ക് ഇവിടെ നിന്ന് അനുഭവിച്ചറിയാനാവും.

4.അഗുംബെ

മഞ്ഞു പൊതിഞ്ഞ അഗുംബെ ചുരം കയറുമ്പോൾത്തന്നെ മഴയുടെ കൊഞ്ചൽ കേൾക്കാം.വഴിയിലേക്ക് അലസമായി വന്നുപതിയുന്ന നൂൽമഴകൾ പെട്ടന്ന് രൗദ്രഭാവമായി മാറിയേക്കാം.എന്നാലും മഴയുടെ കിളിക്കൊഞ്ചൽ കേട്ടുണരണമെന്നുണ്ടെങ്കിൽ ഇവിടേക്കു ഒരു യാത്ര പുറപ്പെടണം.കാടിനുള്ളിലേക് പെയ്തിറങ്ങുന്ന മഴയുടെ താളം കേട്ട് ഒരു യാത്ര.ഹെയർപ്പിന്നുകൾ പിന്നിടുമ്പോൾ മുന്നിൽ അഗുംബെ വ്യൂപോയിന്റ്.അറബിക്കടലിലേക്ക് സൂര്യൻ മുങ്ങിത്താഴുന്നത് കാണിച്ചു തരുന്ന വ്യൂപോയിന്റ് എന്നും വിജനമാണ്.നോക്കിയാൽ കാടും മൂടൽമഞ്ഞും കാർമേഘങ്ങളും മാത്രം. രാജവെമ്പാലയിറങ്ങുന്ന മുളംകാടുകളും പിന്നിട്ട് മാൽഗുഡി ഡെയ്‌സിലൂടെ മനസിൽ പതിഞ്ഞ ഗ്രാമത്തിലേക്ക്.ആർ.കെ നാരായണന്റെ കഥയ്ക്ക് ജീവൻ നൽകിയ അങ്ങാടിയും,വീടുകളും,ആളുകളെയും ഇവിടെ കാണാം.മഴ ഇവിടെ നിലയ്ക്കുന്നതേ ഇല്ല.മനസിൽ കാഴ്ചയുടെ, കുളിർമയുടെ ഘോരമഴ പെയ്യിച്ചു അഗുംബെ ഏവരെയും സ്വാഗതം ചെയുന്നു.