ആട് ആന്റണിക്ക് ജീവപര്യന്തം

single-img
27 July 2016
ആട് ആന്റണി

ആട് ആന്റണി

കൊല്ലം: പൊലീസ് ഡ്രൈവർ മണിയൻപിള്ളയെ കുത്തിക്കൊന്ന കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആട് ആന്റണിക്ക് (ആന്റണി വർഗീസ് – 53) ജീവപര്യന്തം വിധിച്ചു. വധശിക്ഷ വിധിക്കേണ്ടെന്ന് പ്രോസിക്യൂഷൻ തന്നെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കൊല്ലം ജില്ലാ പ്രിൻസിപ്പൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതിയാണു ശിക്ഷ വിധിച്ചത്. പൊലീസ് ചാർജ് ചെയ്‌ത വകുപ്പുകളിൽ കൊലപാതകം (302), വധശ്രമം (307), കൃത്യനിർവഹണം തടസപ്പെടുത്തൽ (333), വഞ്ചിക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജ രേഖ ചമയ്‌ക്കൽ (468), വ്യാജ രേഖ ഉപയോഗിച്ചുള്ള തട്ടിപ്പ് (471) എന്നീ കുറ്റങ്ങൾ തെളിഞ്ഞെന്ന് അറിയിച്ച കോടതി, തെളിവ് നശിപ്പിക്കൽ (201) നിലനിൽക്കില്ലെന്നും പ്രസ്താവിച്ചു.

അതേസമയം, ആട് ആന്റണിയുടെ സ്വത്ത് മോഷണമുതല്‍ ആയതിനാല്‍ ആ പണം നഷ്ടപരിഹാരമായി വേണ്ടെന്നും മണിയന്‍പിള്ളയുടെ കുടുംബവും കോടതിയില്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം 14ന് ആരംഭിച്ച വിചാരണയിൽ ആട് ആന്റണിക്കെതിരെ 30 സാക്ഷികളെ വിസ്‌തരിച്ച പ്രോസിക്യൂഷൻ 72 രേഖകളും കോടതിയിൽ ഹാജരാക്കി. 2012 ജൂൺ 26ന് പുലർച്ചെ 12.35ന് പാരിപ്പള്ളി കുളനട ജംഗ്ഷനിൽ പരിശോധനയ്ക്കിടെയാണ് പാരിപ്പള്ളി സ്റ്റേഷനിലെ ഡ്രൈവർ മണിയൻപിള്ളയെ ആട് ആന്റണി കൊലപ്പെടുത്തുകയും എ.എസ്.ഐ ജോയിയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്‌തത്. ഒമ്‌നി വാനിൽ മോഷണത്തിനെത്തിയ ആടിനെ പിടികൂടി പൊലീസ് ജീപ്പിൽ കയറ്റിയപ്പോഴാണ് ഇരുവരെയും ആക്രമിച്ചത്.