യു.ഡി.എഫ് യോഗം മാണി ബഹിഷ്‌കരിച്ചു.

single-img
25 July 2016

mani-viglance

കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരിക്കെ യുഡിഎഫ് നേതൃയോഗത്തില്‍ നിന്ന് കെഎം മാണി വിട്ടു നിന്നു. യോഗത്തില്‍ പങ്കെടുക്കാന്‍ കേരള കോണ്‍ഗ്രസ് പ്രതിനിധികള്‍ ആരും തന്നെ എത്തിയില്ല.ബാര്‍കോഴക്കേസില്‍ കോണ്‍ഗ്രസ് നേതാക്കളും ഗൂഢാലോചനയില്‍ പങ്കാളികളായി എന്ന ആരോപണം കേരള കോണ്‍ഗ്രസ് എം ഉയര്‍ത്തിവരുന്നതിനിടെയാണ് മുന്നണി യോഗത്തില്‍ നിന്ന് വിട്ട്നിൽക്കുന്നത്.

വ്യക്തിപരമായ കാരണത്താല്‍ യോഗത്തിന് എത്തില്ലെന്നാണ് മാണി യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചത്. മാണിയുടെ സൗകര്യം കൂടി പരിഗണിച്ചാണ് തിങ്കളാഴ്ച യോഗം നിശ്ചയിച്ചത്. എറണാകുളത്തായിരുന്ന മാണി മൂന്നുമണിയോടെയാണ് യോഗത്തിനെത്തില്ല എന്ന് നേതാക്കളെ അറിയിച്ചത്. പി.കെ.ജോസഫ് ഉച്ചവരെ തിരുവനന്തപുരത്തുണ്ടായിരുന്നിട്ടും അദ്ദേഹവും യോഗത്തിനെത്തിയില്ല എന്നതും ശ്രദ്ധേയമാണ്.
ബാര്‍കോഴ കേസിലെ ഗൂഢാലോചന സംബന്ധിച്ച് അടുത്തിടെ കേരളാ കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് ഒറ്റുകാരുടെ കൂട്ടമാണെന്നും കപട സൗഹാര്‍ദ്ദം കാട്ടി ബാര്‍ കോഴ നാടകത്തില്‍ വേഷമിട്ടവര്‍ക്ക് യോജിക്കുന്നത് ബ്രൂട്ടസിന്റെ വേഷമാണെന്നും പ്രതിച്ഛായയിലെ ലേഖനത്തില്‍ വിമര്‍ശിച്ചിരുന്നു. ബിജു രമേശിന്റെ മകളുടെ വിവാഹത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശമം. വിവാഹവേദിയില്‍ ഒത്തുകൂടിയവരെ കാണുമ്പോള്‍ ഒറ്റുകാരുടെ കൂടിയാട്ടം എന്ന് ജനം സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ലെന്നും പ്രതിച്ഛായ അഭിപ്രായപ്പെട്ടിരുന്നു.