മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ച നടപടിയും വിവാദത്തിൽ

single-img
23 July 2016

021111_Gita_019.jpgമുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവായി നവലിബറല്‍ കാഴ്ച്ചപ്പാടുള്ള ഗീത ഗോപിനാഥിനെ നിയമിച്ച നടപടിയും വിവാദത്തിലേക്ക്. ഹാര്‍വാഡ് സര്‍വകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം വകുപ്പ് മേധാവി ഗീതാ ഗോപിനാഥിനെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി കഴിഞ്ഞദിവസം നിയമിച്ചത്.ഇടതുപക്ഷ സര്‍ക്കാറിന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഇടതുപക്ഷ നയങ്ങളെ പലതവണ എതിര്‍ക്കുകയും നവഉദാരവല്‍ക്കരണത്തെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്തിരുന്ന ഒരു വ്യക്തിയെ മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവായി നിയമിച്ചതാണ് വിവാദത്തിൽ പെട്ടത്.

ഭൂമിയേറ്റെടുക്കല്‍ ബില്ലുമായി ബന്ധപ്പെട്ട് ഗീത സ്വീകരിച്ച നിലപാട് ഇതിനു ഉദാഹരണമാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കല്‍ ബില്ലിനെ ശക്തമായി എതിര്‍ത്തവരാണ് ബി.ജെ.പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും. ബില്ലിനെ എതിര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെയും കര്‍ഷകരുടെയും ശക്തമായ പ്രതിഷേധത്തിന്റെ ഫലമായി മോദി സര്‍ക്കാര്‍ ഈ ബില്ലില്‍ മാറ്റംവരുത്തേണ്ടിയും വന്നു. എന്നാല്‍ ഈ ബില്ല് പാസ്സാക്കണം എന്നും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നിലവില്‍ ലഭിക്കുന്ന നിയമപരിരക്ഷകള്‍ ഇല്ലാതാക്കുന്ന പരിഷ്‌കരണങ്ങള്‍ കൊണ്ടുവരണമെന്നും വാദിച്ചയാളാണ് ഗീത ഗോപിനാഥ്.

ഇടതുസര്‍ക്കാരിന് സാമ്പത്തിക മാര്‍ഗനിര്‍ദേശകംനല്‍കാനായി രണ്ടു പ്രമുഖരാണ് നിലവിലുള്ളത്. ധനമന്ത്രി ഡോ: തോമസ് ഐസക്കും ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ വി.കെ. രാമചന്ദ്രനും. ഇരുവരും പൊതുമേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന ഇടതുസാമ്പത്തികനയവക്താക്കളും. വി.കെ. രാമചന്ദ്രന്‍ പശ്ചിമബംഗാള്‍ ആസൂത്രണബോര്‍ഡ് അംഗവുമായിരുന്നു. അത്തരത്തിലുള്ള രണ്ടുപേര്‍ക്ക് മുകളിലാണ് സ്വതന്ത്രവിപണിയുടെ വക്താവും സാമൂഹികക്ഷേമ പദ്ധതികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും വാദിക്കുന്ന ഗീതാ ഗോപിനാഥ് എത്തുന്നത്.

സാമൂഹികക്ഷേമ പദ്ധതികളില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം, സബ്സിഡി, തൊഴിലുറപ്പ് പദ്ധതികള്‍ നിയന്ത്രിക്കണം, പലിശനിരക്ക് കുറക്കണം എന്നീ സാമ്പത്തിക നിലപാടുകളോട് അനുകൂലമായ നിലപാടാണു ഗീത ഗോപിനാഥിനുള്ളത്.
കഴിഞ്ഞദിവസമാണ് ഹാവാര്‍ഡ് സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്രകൂടിയായ പ്രഫസര്‍ ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവായി നിയമിച്ചത്. വേതനമില്ലാത്ത നിയമനമാണിത്.