എന്‍.എച്ച് 44 ലെ വിധവമാര്‍

Photo:SRIRAM KARRI

Photo:SRIRAM KARRI

വികസനം ഏകപക്ഷീയമാകുമ്പോള്‍ മറുപക്ഷത്തിന് നഷ്ടമാകുന്നതെന്താണെന്നറിയാന്‍ തെലങ്കാനയിലെ പെദ്ദഗുണ്ട ഗ്രമത്തിലേക്കു പോകണം.അതിവേഗപാതകള്‍ ഒരു നാടിന്റെ വികസനത്തിന് ആക്കം കൂട്ടുവാനുള്ളതാണെങ്കില്‍ തെലങ്കാനയിലെ പെദ്ദഗുണ്ട ഗ്രാമത്തിന് അത് വൈധവ്യത്തിലേക്കുള്ള അതിവേഗപാതയാകുന്നു. തെലങ്കാനയുടെ തലസ്ഥാനനഗരിയായ ഹൈദരാബാദില്‍ നിന്നും ഏറെ അകലെയല്ല പെദ്ദഗുണ്ട ഗ്രാമം. മെഹബൂബ് നഗര്‍ ജില്ലയിലെ പെദ്ദഗുണ്ട ഗ്രാമവാസികളുടെ ജീവിതത്തെ മാറ്റിമറിച്ചത് ഒരു ദേശീയപാതയും അതിലേക്കുള്ള ബൈപാസുമാണ്. ഹൈദരാബാദിനെ ബംഗലുരുവുമായി ബന്ധിപ്പിക്കുന്ന എന്‍.എച്ച് 44 ലേക്കു പ്രവേശിക്കുവാനായി പണിത ബൈപാസ് മുറിച്ചു കടക്കുന്നതിനിടെ അതിവേഗമെത്തുന്ന വാഹനങ്ങള്‍ക്കിടയില്‍പ്പെട്ട് നിരവധി ഗ്രാമീണരുടെ ജീവനുകളാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. തൊഴിലാവശ്യങ്ങള്‍ക്കും മറ്റും പാതയ്ക്കപ്പുറമുള്ള നന്ദിഗാമിലേക്ക് ബൈപാസ് മുറിച്ചു കടക്കാതെ വേറെ വഴിയുമില്ല ഇവര്‍ക്ക്. ബൈപാസ് കടക്കാനായി ഒരു പാലമോ, തുരങ്കമോ വേണമെന്ന ഗ്രാമീണരുടെ ആവശ്യം ഭരണവര്‍ഗ്ഗം കേട്ട മട്ടില്ല.
ബൈപാസ് വന്നതിനുശേഷം 80 ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ അനാഥമായത് 40 കുടുംബങ്ങളാണ്. 35 കുടുംബങ്ങള്‍ താമസിക്കുന്ന പെദ്ദഗുണ്ട ഗ്രാമത്തിനാണ് വലിയ വില നല്‍കേണ്ടി വന്നത്. ഇവിടെ 30 പുരുഷന്‍മാരാണ് കൊല്ലപ്പെട്ടത്. ഇന്ന് ഇവിടെ അവശേഷിക്കുന്നത് തയ്യാ കോരായെന്ന ഒരേയൊരു ആണ്‍തരിയാണ്. തൊഴിലിനും മറ്റാവശ്യങ്ങള്‍ക്കുമായി നന്ദിഗാമിലേക്കും മറ്റും പോകുന്നവരാണ് പാതയ്ക്കിരയാകുന്നത്. പ്രദേശവാസികളുടെ കണക്കനുസരിച്ച് ആഴ്ചയില്‍ 3-4-ഉം അപകടങ്ങളാണ് ഈ പാതയില്‍ നടക്കുന്നത്.

Photo:SRIRAM KARRI

Photo:SRIRAM KARRI

റുക്കിയ എന്ന വീട്ടമ്മയ്ക്ക് സ്വന്തം കുടുംബത്തിലെ നാലു ആണുങ്ങളെയാണ് നഷ്ടമായത്. മൂന്നു ആണ്‍മക്കളും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ആ ആഘാതത്തില്‍ നിന്നു മുക്തയാകും മുമ്പേ ആറു മാസത്തിനകം മരുമകനെയും ബൈപാസ് കവര്‍ന്നെടുത്തു. വീട്ടിലെ ഗൃഹനാഥന്‍ പോയതോടെ ദുരുദ്ദേശത്തോടെ അസമയത്ത് വാതിലില്‍ മുട്ടുന്നവരുടെ എണ്ണവും കൂടുന്നുവെന്ന് സ്ത്രീകള്‍ പരാതിപ്പെടുന്നു. 20 കാരിയായ വിധവ തുളസിക്ക് സാമൂഹ്യവിരുദ്ധരെ ഭയന്ന് ഭര്‍തൃഗൃഹം വിട്ട് സ്വന്തം വീട്ടിലേക്ക് മാറിത്താമസിക്കേണ്ടി വന്നു. പട്ടിണിയും ദാരിദ്ര്യവും കാരണം വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞ വീടുകളും ഇവിടെയുണ്ട്. ഭയം കാരണം കുടുംബങ്ങള്‍ നാടുവിട്ടു പോയതിനാല്‍ അടഞ്ഞു കിടക്കുന്ന വീടുകളും ഇവിടെക്കാണാം.
നിരവധി പരാതികളെത്തുടര്‍ന്ന് എന്‍.എച്ച് 44 വിധവകള്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കാന്‍ പദ്ധതിയിടുന്നുണ്ട്. ഈ പെന്‍ഷന് വേണ്ടിയും അവര്‍ക്ക് ബൈപാസ് മുറിച്ചു കടക്കേണ്ടതായുണ്ട്. ഓരോ തവണ പാതമുറിച്ചുകടക്കുമ്പോഴും മരണത്തിന്റെ സാന്നിധ്യത്തെ അവര്‍ ഭയപ്പെടുന്നു

വിദ്യാലയം, പഞ്ചായത്ത്, ആശുപത്രി എന്നീ ഗ്രാമീണരുടെ പല ആവശ്യങ്ങളും പാതയ്ക്കു അപ്പുറത്താണ്. നിരന്തരമായ പരാതികള്‍ക്കൊടുവില്‍ ഗ്രാമവാസികള്‍ക്ക് സുരക്ഷിതമായി പാത മുറിച്ചു കടക്കാനായി സമാന്തര സംവിധാനം ഏര്‍പ്പെടുത്താന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.