പ്രമുഖ അഭിഭാഷകർക്കെതിരെ അച്ചടക്ക നടപടിയുമായി അഡ്വക്കറ്റ് അസോസിയേഷൻ

single-img
22 July 2016

13838555_574450202763686_910905755_oകേരള ഹൈക്കോടതിയിലും തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാ കോടതിയിലും വച്ച് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ഏറ്റുമുട്ടിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച പ്രമുഖ അഭിഭാഷകരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ തീരുമാനിച്ചു.

പ്രമുഖ അഭിഭാഷകരായ ഡോ. സെബാസ്റ്റ്യൻ പോൾ, എ.ജയശങ്കർ, കാളീശ്വരം രാജ്, ശിവൻ മഠത്തിൽ, ഉദയഭാനു എന്നിവർക്കെതിരെ ഹൈകോടതി അഡ്വക്കറ്റ് അസോസിയേഷനാണ് നടപടിക്ക് നീങ്ങുന്നത്. ഇവർക്ക് ഇന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ചതായാണ് വിവരം. മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷത്തിൽ അഭിഭാഷകർക്കെതിരെ നിലപാട് സ്വീകരിച്ച് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതാണ് അസോസിയേഷനെ ചൊടിപ്പിച്ചത്.

ഹൈക്കോടതി,വഞ്ചിയൂര്‍ കോടതി സംഘര്‍ഷങ്ങളെക്കുറിച്ച് മാധ്യമചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ച ഇവര്‍ അഭിഭാഷകരുടെ അക്രമപ്രവര്‍ത്തനങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ട് കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ അടിയന്തര ജനറല്‍ ബോഡിയില്‍ കടുത്ത വിമര്‍ശനമാണ് ഇതേത്തുടര്‍ന്ന് മുതിര്‍ന്ന അഭിഭാഷകര്‍ക്ക് നേരെ അംഗങ്ങള്‍ നടത്തിയത്.

അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം അഭിഭാഷകർ ഇന്നും കോടതി നടപടികൾ ബഹിഷ്കരിക്കും. ഹൈകോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ക്കുപിന്നാലെ തലസ്ഥാനത്തെ അഭിഭാഷകരും മാധ്യമപ്രവർത്തകർക്കെതിരെ രംഗത്തുവന്നിരുന്നു. വ്യാഴാഴ്ച വഞ്ചിയൂര്‍ കോടതിയില്‍ വാര്‍ത്ത ശേഖരിക്കാനത്തെിയ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റംചെയ്ത അഭിഭാഷകര്‍ നടത്തിയ കല്ലേറില്‍ പത്തോളം മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരു ഗുമസ്തനും പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ക്കും ചാനല്‍ കാമറകള്‍ക്കും കേടുപറ്റി.