വാക്‌സിന്‍ വിരുദ്ധ പ്രചാരണം നടത്തിയതിന് ജേക്കബ് വടക്കഞ്ചേരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി

single-img
20 July 2016
ജേക്കബ് വടക്കാഞ്ചെരിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പരാതി കേരള ഫ്രീതിങ്കേഴ്സ് ഫോറം ഭാരവാഹികൾ ആരോഗ്യവകുപ്പ്മന്ത്രിയ്ക്ക് സമർപ്പിയ്ക്കുന്നു

ജേക്കബ് വടക്കാഞ്ചെരിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പരാതി കേരള ഫ്രീതിങ്കേഴ്സ് ഫോറം ഭാരവാഹികൾ ആരോഗ്യവകുപ്പ്മന്ത്രിയ്ക്ക് സമർപ്പിയ്ക്കുന്നു

വാക്‌സിന്‍ വിരുദ്ധ പ്രചാരണം നടത്തിയതിന് ജേക്കബ് വടക്കഞ്ചേരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിന് പരാതി.കേരളാ ഫ്രീ തിങ്കേഴ്‌സ് ഫോറമാണു സംസ്ഥാന ആരോഗ്യ മന്ത്രിക്ക് പരാതി സമര്‍പ്പിച്ചത്.കോളേജ് വിദ്യാഭ്യാസം പൂർത്തിയാകാത്ത വ്യക്തി ഡോക്ടർ ആണെന്ന് അവകാശപ്പെട്ട് കേരളത്തില്‍ പടരുന്ന ഡിഫ്തീരിയക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പിനെതിരെ കുപ്രചാരണം നടത്തുന്ന വടക്കഞ്ചേരിയെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

മലപ്പുറം അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ ഡിഫ്തീരിയ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ മരിക്കുകയുണ്ടായി. ആരോഗ്യ വകുപ്പ് വാക്‌സിനേഷന്‍ പ്രചാരണങ്ങള്‍ നടത്തവെ, വാക്‌സിന്‍ ബ്രിട്ടീഷ് ഗൂഡാലോചനയുടെ ഭാഗമാണെന്നും മറ്റുമുള്ള വാദങ്ങളുമായി ജേക്കബ് രംഗത്ത് എത്തി. ചിലരുടെ അജണ്ട നടപ്പാക്കാനാണ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതെന്നും അതിനാല്‍ വാക്‌സിനേഷന്‍ ബഹിഷ്‌കരിക്കണമെന്നും വടക്കഞ്ചേരി ആവശ്യപ്പെട്ടിരുന്നു.

പ്രതിരോധ കുത്തിവെപ്പിനെതിരെ ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതിയും സംശയവും ജനിപ്പിക്കുന്ന പരിപാടികള്‍ നടത്തുകയും വാക്‌സിനേഷന്‍ നടത്തുന്ന ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസ്സമുണ്ടാക്കുകയും ചെയ്യുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലിൽ തനിക്ക് വൈദ്യശാസ്ത്ര വിദ്യാഭ്യാസയോഗ്യതകളില്ലെന്നും ആളുകളെ ചികിത്സിക്കുന്നതിനാലാണ് പേരിനൊപ്പം ഡോക്ടറെന്ന് ചേര്‍ത്തിരിക്കുന്നതെന്നും ജേക്കബ് പറഞ്ഞിരുന്നു.ഇത്തരത്തിൽ വൈദ്യശാസ്ത്ര വിദ്യാഭ്യാസയോഗ്യതകളില്ലാതെ ഡോക്ടർ പദവി ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് ചാനൽ ചർച്ചയിൽ ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.പരാതി ലഭിച്ചാൽ ഇത്തരക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു