അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപിനെ റിപ്പബ്‌ളിക്കാന്‍ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

single-img
20 July 2016
ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും

ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും

പ്രതിഷേധങ്ങള്‍ക്കിടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപിനെ റിപ്പബ്‌ളിക്കാന്‍ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ ഹിലരി ക്‌ളിന്റണാണ് ട്രംപിന് എതിരാളിയാകുക.

ന്യൂയോർക്ക് പ്രൈമറിയിലും ട്രംപ് മികച്ച വിജയം നേടിയതോടെയാണ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ഡൊണാൾഡ് ട്രംപ് മത്സരിക്കുമെന്ന് ക്ലീവ് ലാന്‍റിൽ നടന്ന പാർട്ടി ദേശീയ സമ്മേളനത്തിനിടെ വക്താവ് പോൾ റിയാൻ അറിയിച്ചു. പ്രസിഡന്‍റ് പദത്തിലെത്താൻ എന്തുകൊണ്ടും അനുയോജ്യൻ ട്രംപാണെന്നും റിയാൻ പറഞ്ഞു.

മത്സരിക്കാനാവശ്യമായ 1237 ഡെലിഗേറ്റുകളുടെ പിന്തുണ നേരത്തെ ട്രംപ് ഉറപ്പിച്ചിരുന്നു. മൈക്കിൾ ആർ.പെൻസ് വൈസ് പ്രസിഡന്‍റായി മത്സരിക്കും. മൈക്കിളിനോടൊപ്പം രാജ്യത്തെ നയിക്കാൻ തന്നെ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് ട്രംപ് വിഡിയോ കോൺഫറൻസിൽ ജനങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷമായിരുന്നു ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള വന്‍കിട വ്യവസായിയും ടിവി റിയാലിറ്റി ഷോ താരവുമായ ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെ പിന്തള്ളി മത്സര രംഗത്ത് സ്ഥാനംപിടിച്ചത്. പ്രസംഗങ്ങളിലെ കടുത്ത വിഭാഗീയതയും വംശീയ വിദ്വേഷവും ട്രംപിനെ പലപ്പോഴും വിവാദങ്ങളില്‍ കുടുക്കിയിരുന്നു. മുസ്ലീംങ്ങള്‍ക്കെതിരെയായിരുന്നു ട്രംപിന്റെ വിമര്‍ശനങ്ങളേറെയും ഉയര്‍ന്നത്. യുഎസിലെ എഴുത്തുകാരും കലാകാരന്മാരും ഉള്‍പ്പെടെ ട്രംപിന്റെ വിവാദ നിലപാടുകള്‍ക്കെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്.