പശുത്തോല്‍ കടത്തിയെന്നാരോപിച്ച് ഗുജറാത്തില്‍ ദളിത് യുവാക്കളെ ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് ഗുജറാത്തില്‍ ഇന്ന് ബന്ദ്

single-img
20 July 2016

 

പശുത്തോല്‍ കടത്തിയെന്ന് ആരോപിച്ച് കാറിനോട് ചേര്‍ത്തു കെട്ടിയിട്ട് ദളിത് യുവാക്കളെ മർദ്ദിക്കുന്നവർ

പശുത്തോല്‍ കടത്തിയെന്ന് ആരോപിച്ച് കാറിനോട് ചേര്‍ത്തു കെട്ടിയിട്ട് ദളിത് യുവാക്കളെ മർദ്ദിക്കുന്നവർ

പശുത്തോല്‍ കടത്തിയെന്നാരോപിച്ച് ഗുജറാത്തില്‍ നാല് യുവാക്കളെ പൊതുജന മധ്യത്തില്‍ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ ഗുജറാത്തിൽ പ്രതിഷേധം ആളിക്കത്തുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ ഇന്ന് ബന്ദ്. ദലിത് സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് ദിവസമായി നടന്ന പ്രതിഷേധ പരിപാടിക്കിടെ 13 യുവാക്കളാണ് വിഷം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

ജനക്കൂട്ടം ബസുകൾക്ക്‌ തീവച്ചു. ദേശീയപാതകൾ മണിക്കൂറുകളോളം ഉപരോധിച്ചു. കളക്ട്രേറ്റിന്‌ മുന്നിൽ ചത്ത പശുക്കളുമായി എത്തി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ്‌ ലാത്തിവീശി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ തുടരുകയാണ്‌.ഗുജറാത്തിലെ ഏഴ്‌ പ്രധാന നഗരങ്ങൾ ഉൾക്കൊള്ളുന്ന സൗരാഷ്ട്ര മേഖലയിലാണ്‌ പ്രതിഷേധം ശക്തമായിരിക്കുന്നത്‌. രാജ്കോട്ടിലും ജാംനഗറിലുമാണ്‌ പ്രതിഷേധക്കാർ ട്രാൻസ്പോർട്ട്‌ ബസ്‌ അഗ്നിക്കിരയാക്കിയത്‌. രാജ്കോട്ട്‌ പൊലീസ്‌ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പങ്കജ്‌ അമ്രേലിയാണ്‌ സംഘർഷത്തിൽ കൊല്ലപ്പെട്ടത്‌. കല്ലേറിൽ ഗുരുതരമായി പരുക്കേറ്റ പങ്കജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു

സ്വയം ഗോസംരക്ഷകരെന്ന് വിശേഷിപ്പിക്കുന്ന ഒരു സംഘം കഴിഞ്ഞ ആഴ്ച നാല് തുകൽപണിക്കാരെ എസ്.യു.വിൽ കെട്ടിയിട്ട് മർദിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്.യുവാക്കളെ അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമികളിലൊരാള്‍ ശിവസേനയുടെ ഗിര്‍സോംനാഥ് ജില്ലാ നേതാവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ കാറും വീഡിയോയില്‍ വ്യക്തമാണ്. സംഭവവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ ഒളിവിലാണ്.

അക്രമത്തിനിരയായവർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും കേസ് അന്വേഷിക്കാനായി പ്രത്യേക കോടതി സ്ഥാപിക്കുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ പ്രഖ്യാപിച്ചു.