മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പദവി ഏറ്റെടുക്കാതിരിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് എം.കെ.ദാമോദരന്‍

single-img
20 July 2016
mk-damodaran

അഡ്വ.എം.കെ ദാമോദരന്‍

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കാതിരിക്കാന്‍ ഗൂഢാലോചന നടന്നുവെന്നു അഡ്വ. എം.കെ.ദാമോദരന്‍. വ്യക്തിഹത്യ നടത്താന്‍ ശ്രമമുണ്ടായി. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിഎസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതിനുശേഷമാണു തനിക്കെതിരെ സംഘടിത ശ്രമമുണ്ടായത്. വിധിയുണ്ടാകുംവരെ നിയമോപദേശകനായി തന്നെ നിയമിച്ചതിനെ ആരും എതിര്‍ത്തിരുന്നില്ല. എന്നാല്‍ വിധിവന്നു മണിക്കൂറുകള്‍ക്കകം തന്നെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇതിനു പിന്നില്‍ ആരെന്നു ഇപ്പോള്‍ പറയുന്നില്ലെന്നും ദാമോദരന്‍ പറഞ്ഞു.

അഡ്വ. എം.കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ആരോപണം.

മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടശേഷം അഡ്വ.എം.കെ ദാമോദരന്‍ സര്‍ക്കാരിന് എതിരായ കേസുകളില്‍ ഹാജരായത് വിവാദമായിരുന്നു. ക്വാറി ഉടമകള്‍ക്കുവേണ്ടിയും, ലോട്ടറി ഏജന്റ് സാന്റിയാഗോ മാര്‍ട്ടിനുവേണ്ടിയും കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ ഐ.എന്‍.ടി.യു.സി നേതാവ് ആര്‍ ചന്ദ്രശേഖരനുവേണ്ടിയും അദ്ദേഹം ഹാജരാകുന്നത് ചര്‍ച്ചയായിരുന്നു. ഈ ഘട്ടത്തിലാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നിയമനത്തെ ചോദ്യംചെയ്ത് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ വാദം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം നിയമോപദേഷ്ടാവ് ആകില്ലെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചത്.