പശുത്തോല്‍ കടത്തിയെന്നാരോപിച്ച് ഗുജറാത്തില്‍ ദളിത് യുവാക്കളെ മർദിച്ചതിൽ പ്രതിഷേധിച്ച് ഗുജറാത്തിൽ ആരംഭിച്ച സംഘർഷം വ്യാപിക്കുന്നു.

single-img
19 July 2016

Cow-Violence

അഹമ്മദാബാദ്: പശുത്തോല്‍ കടത്തിയെന്നാരോപിച്ച് ഗുജറാത്തില്‍ നാലു യുവാക്കളെ വസ്ത്രമുരിഞ്ഞ് മര്‍ദിച്ചതിൽ പ്രതിഷേധിച്ച് ഗുജറാത്തിൽ ആരംഭിച്ച സംഘർഷം വ്യാപിക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങളാണ് ഇന്നലെ അരങ്ങേറിയത്. ഏഴ് ദലിത് യുവാക്കൾ ആത്മഹത്യക്ക് ശ്രമിക്കുകയും നിരവധി ബസുകൾ അഗ്നിക്കിരയാവുകയും ചെയ്തു.

സൗരാഷ്ട്രയിൽ അക്രമാസക്തരായ ജനക്കൂട്ടം പൊലീസിനുനേരെ കല്ലെറിയുകയും ബസുകൾ തീവച്ചു നശിപ്പിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി മായാവതി രാജ്യസഭയിൽ തിങ്കളാഴ്ച ഇക്കാര്യം ഉന്നയിക്കുകയും ബഹളങ്ങൾക്കിടയിൽ സഭ നിർത്തിവെക്കുകയും ചെയ്തു

 

സ്വയം ഗോസംരക്ഷകരെന്ന് വിശേഷിപ്പിക്കുന്ന ഒരു സംഘം കഴിഞ്ഞ ആഴ്ച നാല് തുകൽപണിക്കാരെ എസ്.യു.വിൽ കെട്ടിയിട്ട് മർദിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്.യുവാക്കളെ അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമികളിലൊരാള്‍ ശിവസേനയുടെ ഗിര്‍സോംനാഥ് ജില്ലാ നേതാവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ കാറും വീഡിയോയില്‍ വ്യക്തമാണ്. സംഭവവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ ഒളിവിലാണ്.

അക്രമത്തിനിരയായവർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും കേസ് അന്വേഷിക്കാനായി പ്രത്യേക കോടതി സ്ഥാപിക്കുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ പ്രഖ്യാപിച്ചു.