നദികളും കടൽത്തീരവും അതിർത്തികളൊരുക്കുന്ന മലബാറിന്റെ കടലോരകാഴ്‌ചകളായ ധർമ്മടത്തിലേക്ക് ഒരു യാത്ര

10899970_10155219333990045_5848849848349540884_oമലബാറിന്റെ കടലോരം അതിന്റെ പൂർണമായ സൗന്ദര്യം പ്രകടിപ്പിക്കുന്നത് ഇവിടെയാണ്.കണ്ണൂർ ജില്ലയിൽ തലശേരിയിൽ നിന്ന് 4 കിലോമീറ്റർ അകലെ ധർമ്മടം എന്ന കൊച്ചു ഗ്രാമത്തിൽ.അറബിക്കടലിന്റെ മടിത്തട്ടിലേക്ക് ചേർന്ന് കിടക്കുന്ന ഒരു കൊച്ചു ദ്വീപാണ് ഈ പ്രദേശത്തെ വിനോദസഞ്ചാരികൾ ലക്ഷ്യമാക്കുന്നത്.കേവലം 5 ഏക്കർ മാത്രം വിസ്‌തീർണമുള്ള ഈ ദ്വീപ് പ്രകൃതി സൗന്ദര്യത്തിന്റെ മറ്റൊരു നിദാനമാണ്.

കേരളീയത എന്ന സങ്കൽപ്പം അതിന്റെ യഥാർത്ഥ അവസ്ഥയിൽ ദൃശ്യമാകുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ് ധർമ്മടം.നദികളും കടൽത്തീരവും അതിർത്തികളൊരുക്കുന്ന ധർമ്മടം ദ്വീപ് കേരവൃക്ഷലംകൃതമാണ്.നിശബ്ദമായ പകലുകളും നിലവിൽ കുളിച്ച രാത്രികളുമാണ് ധർമ്മടം ദ്വീപിന്റെ പ്രത്യേകത.

ശീതളച്ഛായയിൽ ഈ ദ്വീപിൽ ചെലവഴിക്കാനായി ദൂരസ്ഥലങ്ങളിൽ നിന്നും ആളുകൾ എത്തിച്ചേരുന്നുണ്ട്.വിനോദസഞ്ചാര കേന്ദ്രം എന്ന പരിവേഷം ചാർത്തികിട്ടിയ കേരളത്തിന്റെ പല കടലോര മേഖലകൾക്കും അമിതമായ കച്ചവടവൽക്കരണത്തിന്റെ ഫലമായി മനോഹാരിത നഷ്ടപ്പെട്ടപ്പോൾ അങ്ങനെയുള്ള യാതൊരു കേടുപാടുകളും ഇല്ലാതെ ധർമ്മടം സഹായിക്കുകയാണ്.പ്രകൃതിയുടെ ശാലീനതയും കുലീനതയും ഇവിടെ അനശ്വരമായി നിലനിൽക്കുന്നു.