പട്ടാള അട്ടിമറി ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കിയില്‍ വധശിക്ഷ പുന:സ്ഥാപിക്കാന്‍ നീക്കം

single-img
18 July 2016

_90424555_6dc064dc-6439-4c35-960f-d3acfa10b99cനിര്‍ത്തി വെച്ച വധശിക്ഷ തുര്‍ക്കി വീണ്ടും പരിഗണിച്ചേക്കും. പട്ടാള അട്ടിമറി ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം തുര്‍ക്കി പുന:പരിശോധിക്കാന്‍ നിര്‍ബ്ബന്ധിതമായിരിക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിപ്പ് എര്‍ഡോഗന്‍ ഞായറാഴ്ച വ്യക്തമാക്കി. ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ജനക്കൂട്ടത്തിന്റെ ആവശ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തില്‍ തീരുമാനം ജനങ്ങള്‍ എന്തു പറയുന്നു എന്നതിനെ ആസ്പദമാക്കിയാണ്. പ്രതിപക്ഷവുമായി സംസാരിച്ച് ഒരു തീരുമാനം എടുക്കും. രാജ്യത്ത് അട്ടിമറി നടത്താന്‍ ശ്രമിച്ചവര്‍ക്ക് കനത്ത വില നല്‍കേണ്ടതുണ്ട് എന്നിരിക്കെ തങ്ങള്‍ക്ക് അത് തടസ്സപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2004-ല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടാനുളള ശ്രമത്തിന്റെ ഭാഗമായാണ് തുര്‍ക്കിയില്‍ വധശിക്ഷ നിരോധിച്ചത്.

അട്ടിമറി ശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌ക്കാര ചടങ്ങിനും ദു:ഖാചരണത്തിനും എത്തിയവരെ അഭിസംബോധന ചെയ്യുകയായിരുന്നു എര്‍ഡോഗന്‍. വെള്ളിയാഴ്ച നടന്ന അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതിന് പിന്നാലെ എര്‍ഡോഗന്റെ അനുയായികളായ ആയിരങ്ങളാണ് തെരുവില്‍ വധശിക്ഷയ്ക്ക് മുറവിളി കൂട്ടിയത്.

ഉന്നത സൈനിക ഉദ്യോഗസ്ഥരും മുതിര്‍ന്ന ജഡ്ജിമാരുമടക്കം ആറായിരത്തിലധികം പേരാണ് ഭരണഅട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.