വിമത എംഎല്‍എമാരുടെ പിന്തുണ ഉറപ്പു വരുത്താൻ നാടകീയ രംഗങ്ങൾ;അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി നബാം തുക്കി രാജി വെച്ചു

single-img
16 July 2016

nabam-tuki_650x400_71468587989 (1)

അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാനിരിക്കെ മുഖ്യമന്ത്രി നബാം തുക്കി രാജിവെച്ചു.

നബാം തൂക്കിക്ക് പകരം പെമ ഖണ്ഡുവിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു.

വിമത എംഎല്‍എമാരുടെ പിന്തുണ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസിന്റെ ഈ നാടകീയ നീക്കമെന്നാണ് വിലയിരുത്തല്‍.

ഭൂരിപക്ഷം തെളിയിക്കാൻ കൂടുതല്‍ സമയം വേണമെന്ന മുഖ്യമന്ത്രി നബാം തുകിയുടെ അപേക്ഷ ഗവര്‍ണര്‍ തഥാഗത റോയ് നിരസിച്ചതോടെയാണ് ഇന്ന് വോട്ടെടുപ്പ് ഉറപ്പായത്.
അറുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 47 പേരുടെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ 21 വിമതര്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുന്നതിനാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതിയിലാണ്. വിമതനേതാവ് കലികോ പുല്‍ 41 എംഎല്‍എമാരെ അണിനിരത്തി കഴിഞ്ഞദിവസം ശക്തിപ്രകടനം നടത്തുകയും ചെയ്തിരുന്നു.

ഇതിനിടെ തിടുക്കത്തില്‍ നിയമസഭാ വിളിച്ചു ചേര്‍ത്തു വിശ്വാസ വോട്ട് തേടണം എന്ന ഗവര്‍ണറുടെ നിര്‍ദേശം ഭരണഘടനാ വിരുദ്ധം ആണെന്ന് സ്പീക്കര്‍ നബാം റേബ്യ ചൂണ്ടിക്കാട്ടി.വിശ്വാസവോട്ട് തേടാന്‍ പത്ത് ദിവസത്തെ സമയം അനുവദിക്കണമെന്നായിരുന്നു നബാം തുക്കി ഗവര്‍ണറോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം ഗവര്‍ണര്‍ അംഗീകരിച്ചില്ല. ബുധനാഴ്ചയാണ് സുപ്രീം കോടതി ചരിത്രപരമായ വിധിയിലൂടെ അരുണാചല്‍ പ്രദേശിലെ നബാം തുക്കി സര്‍ക്കാരിനെ പുനരവരോധിച്ചത്. അന്നുതന്നെ ദില്ലിയിലെ അരുണാചല്‍ ഹൗസില്‍വെച്ച് നബാം തുക്കി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മുതലെടുത്ത് കേന്ദ്രസര്‍ക്കാര്‍ നബാം തുക്കി സര്‍ക്കാരിനെ പുറത്താക്കുകയായിരുന്നു.