തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടു;പട്ടാളത്തിനെതിരെ ജനം തെരുവിലിറങ്ങി;സൈന്യം നടത്തിയ വെടിവെപ്പില്‍ 60ഓളം പേര്‍ കൊല്ലപ്പെട്ടു.

single-img
16 July 2016

_90414233_c335cea9-8030-4216-a1c3-91a1ca3d977c
തുർക്കിയിൽ അധികാരം പിടിച്ചെടുക്കാൻ പട്ടാളത്തിലെ ഒരു വിഭാഗം നടത്തിയ നീക്കം പരാജയപ്പെട്ടതായി റിപ്പോർട്ട്.അട്ടിമറി നീക്കം പരാജയപ്പെട്ടതായും സര്‍ക്കാര്‍ ജനങ്ങളുടെ സഹായത്തോടെ അധികാരം തിരികെ പിടിച്ചതായും പ്രസിഡന്റ് തയിബ് എര്‍ദോഗന്‍ അറിയിച്ചു. സൈന്യം നടത്തിയ വെടിവെപ്പില്‍ 60ഓളം പേര്‍ കൊല്ലപ്പെട്ടു. 400ലേറെ പേര്‍ക്ക് പരുക്കുണ്ട്. അട്ടിമറി ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ നൂറുകണക്കിന് സൈനികരെ അറസ്റ്റ് ചെയ്തു നീക്കി. നിരവധി പട്ടാളക്കാര്‍ ആയുധംവെച്ച് കീഴടങ്ങി. തെരുവിലിറങ്ങിയ സൈനിക ടാങ്കുകള്‍ക്ക് നേരെ തുര്‍ക്കി പോര്‍വിമാനങ്ങള്‍ വ്യോമാക്രമണം നടത്തി. അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതായും താന്‍ തന്നെയാണ് തുര്‍ക്കിയുടെ പ്രസിഡന്റെന്നും ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയ അനുയായികളെ അഭിസംബോധന ചെയ്ത് എര്‍ദോഗന്‍ പ്രഖ്യാപിച്ചു.

ഇന്നലെ അർധരാത്രിയോടെ തലസ്ഥാനമായ അങ്കാറയിലും ഇസ്തംബൂളിലും കടന്ന സൈന്യം വിമാനത്താവളവും പ്രധാന റോഡുകളും കൈവശപ്പെടുത്തിയത്. തുടർന്ന് ഇന്നു പുലർച്ചെയോടെ അധികാരം പിടിച്ചെടുത്തതായുള്ള സൈന്യത്തിന്റെ അവകാശവാദവും എത്തി. അങ്കാറയിൽ സൈനിക ഹെലികോപ്റ്ററിൽ നിന്ന് വെടിവയ്പുണ്ടായതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പലയിടത്തും സ്ഫോടന ശബ്ദം കേട്ടതായും റിപ്പോർട്ടുകളുണ്ട്.

_90414231_6eee9db9-02f9-4a4e-9207-3fe1b0cbf51b

അട്ടിമറി ശ്രമം നടന്നതിന് തൊട്ടുപിന്നാലെ ഇസ്താബുളിലെ അത്തതുര്‍ക്ക് വിമാനത്താവളത്തിലെത്തിയ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വെയ്ബ് എര്‍ദോഗന്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട തന്റെ സര്‍ക്കാരിനെ സംരക്ഷിക്കാന്‍ തെരുവിലിറങ്ങാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. തുടര്‍ന്ന് തെരുവിലിറങ്ങിയ ജനം സൈനികരുടെ ടാങ്കുകളും മറ്റും കൈയ്യേറി. അങ്കാറയും ഇസ്താബുളും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. ആയിരങ്ങള്‍ തെരുവ് പിടിച്ചതോടെ ഗത്യന്തരമില്ലാതെ സൈന്യം പിന്‍വാങ്ങുകയായിരുന്നു.