തന്നെ പുറത്താക്കാന്‍ ഇന്ത്യയില്‍ നിന്നും വലിയ ശ്രമങ്ങള്‍ നടക്കുന്നതായി നേപ്പാള്‍ പ്രധാനമന്ത്രി

single-img
15 July 2016

K-P-SHARMA-OLI-L-REUTERS

തന്നെ പുറത്താക്കാന്‍ ഇന്ത്യയില്‍ നിന്നും വലിയ ശ്രമങ്ങള്‍ നടക്കുന്നതായി നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി. കാഠ്മണ്ഡുവില്‍ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് നടന്ന സെമിനാറില്‍ സംസാരിക്കവേയാണ് ഇന്ത്യക്കെതിരെ ഒലിയുടെ രൂക്ഷ വിമര്‍ശനം.

സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള ശ്രമങ്ങള്‍ വെറുതേ നടക്കില്ല, എല്ലാം പിന്നില്‍ നിന്നും നിയന്ത്രിക്കുന്നുണ്ട്, തികച്ചും ഖേദകരമാണിതെന്നും ഒലി പറഞ്ഞു. എന്നാല്‍ ഒലിയുടെ ഭാഗത്ത് നിന്നും ഇത്തരം പ്രസ്താവന ഉണ്ടായതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് ഇന്ത്യ പ്രതികരിച്ചത്.അങ്ങനെ ഉണ്ടായെങ്കില്‍ ആ വാദത്തെ തള്ളുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി.

നേപ്പാള്‍ കമ്മ്യൂണിസ്റ്റ് (മാവോയിസ്റ്റ്) പാര്‍ട്ടിയുടെ പിന്തുണ നഷ്ടപ്പെട്ടതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ് നേപ്പാള്‍ സര്‍ക്കാര്‍.

അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ ശക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് നേപ്പാള്‍ വിഷയത്തില്‍ ഇന്ത്യ അനാവശ്യമായി ഇടപെടുന്നുവെന്ന് വിമര്‍ശനവുമായി ഒലി രംഗത്തെത്തിയത്.